സഹപാഠിക്കൊരു വീട്, നെല്‍കൃഷി വിദ്യാര്‍ത്ഥികളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: ജില്ലയിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്


പോരമ്പ്ര: കഴിഞ്ഞ അധ്യയന വര്‍ഷത്തെ ജില്ലയിലെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ബി കവിതയും പ്രോഗ്രാം ഓഫീസര്‍ ആര്‍ സീനയും വോളണ്ടിയര്‍മാരും ചേര്‍ന്ന് ബഹുമതിപത്രം ഏറ്റുവാങ്ങി.

ലഹരിവിരുദ്ധ ബോധവല്‍ക്കരണം, സഹപാഠിക്കൊരു വീട് , നെല്‍കൃഷി, ജീവകാരുണ്യ സേവനം, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ചടങ്ങില്‍ ഉത്തരമേഖലാ കണ്‍വീനര്‍ മനോജ് കുമാര്‍ കണിച്ചു കളങ്ങര അധ്യക്ഷനായി. റീജ്യനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍, ജില്ല കോ ഓഡിനേറ്റര്‍മാരായ എസ് ശ്രീചിത്ത്, എം.കെ ഫൈസല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ വി.അംബുജാക്ഷന്‍, കെ.കെ ബിജീഷ് , ജയരാജന്‍ സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.