നാടിന് രക്ഷകനായ് പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ അന്‍വര്‍ കോറോത്ത്; ആദരവുമായി അഗ്നിരക്ഷാസേന


പേരാമ്പ്ര: പേരാമ്പ്രയിലെ ബേക്കറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം സമയോചിതമായ ഇടപെടലിലൂടെ അണച്ച ഓട്ടോഡ്രൈവറെ ആദരിച്ചു. പേരാമ്പ്രയിലെ ഓട്ടോഡ്രൈവറായ അന്‍വര്‍ കോറോത്തിനെയാണ് ദേശീയ ഫയര്‍സര്‍വീസ് വാരാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചത്.

ഏപ്രില്‍ എട്ടിന് ഓട്ടോയുമായി വരുമ്പോള്‍ ചേനോളി റോഡ് ജംങ്ഷനില്‍ ആള്‍ക്കൂട്ടത്തെ കണ്ട് ഓട്ടോനിര്‍ത്തി അന്വേഷിച്ചപ്പോഴാണ് ബേക്കറിയില്‍ തീ ആളിപ്പടരുന്നത് കണ്ടത്. ഉടന്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് അന്‍വര്‍ തീ അണയ്ക്കുകയായിരുന്നു. പ്രവാസിയായി ജോലിചെയ്ത സമയത്ത് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ അഗ്നിിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കാന്‍ കഴിഞ്ഞതെന്ന് അന്‍വര്‍ പറഞ്ഞു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍ അന്‍വര്‍ കോറോത്തിന് ഉപഹാരം നല്‍കി. സ്ഥലംമാറിപ്പോകുന്ന ഫയര്‍ ഓഫീസര്‍ പി.കെ നൗഷാദിന് സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ സി.ടി മുകുന്ദന്‍ വൈദ്യര്‍, ടി.സി സൗദ എന്നിവര്‍ ഉപഹാരം നല്‍കി.

കെ.എഫ്.എസ്.എ. സംസ്ഥാന സെക്രട്ടറി കെ ഷജില്‍ കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ പി.സി പ്രേമന്‍, പി വിനോദ്, റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി കെ ലതീഷ്, കെ.എം ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.