പുറക്കാമല സംരക്ഷണ സമിതിയുടെ പ്രക്ഷോഭം ഫലംകണ്ടു; ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കംപ്രസറും വെടിമരുന്നും തിരികെ കൊണ്ടുപോയി, കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് സമരസമിതി


മേപ്പയ്യൂര്‍: പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം വീണ്ടും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തടഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസ് അകമ്പടിയില്‍ കംപ്രസറും വെടിമരുന്നുമായെത്തി ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കാനുള്ള ശ്രമമാണ് പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി ചെറുത്തത്.

ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം മനസിലാക്കിയ നാട്ടുകാര്‍ രാവിലെ തന്നെ ഇവിടെയെത്തുകയും പ്രതിഷേധം ആരംഭിക്കുകയുമായിരുന്നു. കംപ്രസറും വെടിമരുന്നുകളും തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. തുടര്‍ന്ന് ക്വാറി ഉടമകളും പൊലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ കംപ്രസറും വെടിമരുന്നുകളും തിരികെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവ എത്തിച്ച വാഹനങ്ങള്‍ തിരികെ പോയതോടെ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി. സ്ത്രീകളും പ്രായമായവരും അടക്കം നൂറിലധികം ആളുകളായിരുന്നു ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ സമരവുമായി എത്തിയത്.

രാത്രിയുടെ മറവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്ത സാഹചര്യത്തില്‍ ഇനി പുറക്കാമല സംരക്ഷണ സമിതി കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസവും ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ സംഘര്‍ഷം ഉണ്ടായിരുന്നു. പ്രതിഷേധവുമായെത്തിയ അറുപതോളം പേരെ മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രദേശത്ത് വന്‍ കയ്യാങ്കളിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സംഘര്‍ഷത്തില്‍ 15 വയസ്സുകാരനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ വെടിമരുന്നുകളും മറ്റും തിരിച്ചിറക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് പുറക്കാമല സംരക്ഷണസമിതിയുടെ തീരുമാനം.

Summary: Following public protests, the compressor and ammunition were taken back in meppayyur purakkamala