പോയ കാലത്തിന്റെ പുനരാവിഷ്‌കാരവും ഒപ്പം സമകാലിക കാഴ്ചകളുടെ നേര്‍രേഖപ്പെടുത്തലുകളും; പേരാമ്പ്രയെ ക്യാന്‍വാസുകളിലേക്ക് പകര്‍ത്താനൊരുങ്ങി ചിത്രലാ കൂട്ടായ്മയായ ദ് ക്യാംപ്


പേരാമ്പ്ര: പേരാമ്പ്രയുടെ ചരിത്രം വരകളിലൂടെ പുന:രാവിഷ്‌കരിക്കാനൊരുങ്ങി ചിത്രകലാകാരന്മാരുടെ കൂട്ടായ്മ. പേരാമ്പ്രയിലെ ചിത്രകലാ കൂട്ടായ്മയായ ദ് ക്യാംപാണ് ഇത്തരമൊരു ആശയവുമായി രംഗത്തേക്ക് വരാന്‍ ഒരുങ്ങുന്നത്.

പേരാമ്പ്ര ടൗണിന്റെയും സമീപപ്രദേശങ്ങളുടെയും മിത്തും ചരിത്രവും വര്‍ത്തമാന കാഴ്ചകളും ഒപ്പം പേരാമ്പ്രയുടെ ചരിത്രത്തിലെ പ്രശസ്തരും അപ്രശസ്തരുമായ ജനപ്രിയ മുഖങ്ങളും ഈ കലാകൂട്ടായ്മയുടെ വരകളിലൂടെ ആവിഷ്‌കരിക്കപ്പെടും.

മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തില്‍ ചരിത്രം, സാമൂഹികം, കാര്‍ഷികം, സംസ്‌കാരികം എന്നിങ്ങനെ ഇരുപതോളം മേഖലകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വരകളിലും നിറങ്ങളിലും ക്യാന്‍വാസുകളില്‍ പകര്‍ത്തുക.

ഇതിനു മുന്നോടിയായി ദേശത്തിന്റെ വാമൊഴിയായും രേഖപ്പെടുത്തിയതുമായ ചരിത്ര സംഭവങ്ങളെ പഠിക്കും. തുടര്‍ന്ന് പേരാമ്പ്രയിലെ വിവിധ ഇടങ്ങളില്‍ തത്സമയ രചനാ ക്യാംപുകള്‍ നടത്തിയും അല്ലാതെയും ചിത്രകലാപ്രവര്‍ത്തകര്‍ രചന നടത്തും. അതോടൊപ്പം ഇങ്ങനെ തയാറാക്കുന്ന സൃഷ്ടികളുടെ വിപുലമായ പൊതു പ്രദര്‍ശനവും നടത്തും.

പ്രേംരാജ് പേരാമ്പ്ര കോ ഓര്‍ഡിനേറ്ററും സചിത്രന്‍ പേരാമ്പ്ര അസി. കോ- ഓര്‍ഡിനേറ്ററുമായ കമ്മിറ്റിയാണ് ഈ ചരിത്ര ചിത്രരചനാ പദ്ധതിയുടെ ഏകോപനം നടത്തുക. ഏപ്രില്‍ ആദ്യ വാരം തുടക്കം കുറിക്കും.

summary: The art community is ready to express the history and present of Perambra through painting.