ദാക്ഷായണി അമ്മയുടെ കുടുംബത്തിനു സഹായവുമായി പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍; 3.95 ലക്ഷം കൈമാറി


പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ അപകടത്തില്‍ മരണമടഞ്ഞ ചെറുകുന്നുമ്മല്‍ ദാക്ഷായണി അമ്മയുടെ കുടുംബത്തിന് വീടൊരുക്കാന്‍ തുക കൈമാറി. പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്‌നേഹക്കൂട്ടായ്മയിലാണ് വീടൊരുക്കുന്നത്.

ജോലിക്കിടെ തെങ്ങ് മുറിഞ്ഞുവീണ് പരിക്കേറ്റായിരുന്നു പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ കല്ലോട് നോര്‍ത്തില്‍പ്പെട്ട ദാക്ഷായണി അമ്മയുടെ മരണം. ഇവരുടെ കുടുംബത്തിന് വീട് നിര്‍മിക്കാനായി തൊഴിലുറപ്പ് തൊഴിലാളികള്‍ സമാഹരിച്ച 3.95 ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് കുടുംബത്തിന് കൈമാറി.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ മിനി പൊന്‍പറ, മെമ്പര്‍മാരായ കെ.കെ പ്രേമന്‍, പി ജോന, കെ.കെ അമ്പിളി, ഷൈനി, പി.എം സത്യന്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ജിജി, അസിസ്റ്റന്റ് സെക്രട്ടറി സജിത്ത് കുമാര്‍, അനിരുദ്ധ് തുടങ്ങിയവര്‍ സംസാരിച്ചു.