മൂന്ന് മാസത്തോളം പോലീസ് നിരീക്ഷണത്തില്‍, പിടിയിലായത് സ്ഥിരം വില്പന നടത്തുന്നയാള്‍; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എം.ഡി.എം.എ യുമായി പിടികൂടിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസാണ് റിമാന്‍ഡിലായത്. ഇന്ന് വൈകീട്ടോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

ഇന്നലെ രാത്രി 9.30 യെടെയാണ് വിതരണത്തിനായി എത്തിച്ച 3.13ഗ്രാം എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഇയാളെ ഡാന്‍സാഫ് സംഘം പിടികൂടിയത്. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

മൂന്ന് മാസത്തിലധികം ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറെക്കാലമായി ഇയാള്‍ എം.ഡി.എം.എ വില്‍പന നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നിന്നും ലഹരിവസ്തുശേഖരിച്ച് പ്രതി ബാലുശ്ശേരി, കിനാലൂര്‍ ഭാഗങ്ങളില്‍ വില്പന നടത്തിവരികയാണെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിനിടെയാണ് കൊയിലാണ്ടിയില്‍ നിന്നും പിടിയിലാകുന്നത്.

ഡി.വൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ എ.എസ്.ഐ ഷാജി, എ.എസ്.ഐ ബിനീഷ്, സി.പി.ഒ ശോഭിത്ത്, സി.പി.ഒ അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്, എസ്.ഐ.ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

SUMMARY: The accused who was caught with MDMA was remanded