‘മതപഠന ക്ലാസ്സിൽ പഠിക്കാനെത്തിയ പന്ത്രണ്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു’; പള്ളിമുക്രിക്കു പതിനഞ്ചു വർഷം കഠിന തടവും രണ്ടുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി


കൊയിലാണ്ടി: മത പഠന ക്ലാസ്സിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പള്ളിമുക്രിക്കു ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. ഉണ്ണികുളം സ്വദേശിയായ വി.പി ഉസ്‌താദ്‌ എന്ന അബൂബക്കർ വി.പി(53) ക്കാണ് പോക്‌സോ കേസിൽ ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രതി മുക്രിയായി ജോലി ചെയ്തിരുന്ന പള്ളിയിൽ നടക്കുന്ന മതപഠന ക്ലാസ്സിൽ രാത്രി താമസിച്ചു പഠിക്കുകയായിരുന്നു പന്ത്രണ്ടു വയസ്സുകാരൻ. ഒരു ദിവസം ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. പിന്നീട് സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രതിക്ക് പതിനഞ്ചു വർഷം കഠിന തടവും രണ്ടുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പിയാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ആണ് ശിക്ഷ.

കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.