വടകര-പേരാമ്പ്ര റൂട്ടില്‍ സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടി; പൈതോത്ത് സ്വദേശിയായ പ്രതി കസ്റ്റഡിയില്‍


വടകര: സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വടകര മുടപ്പിലാവിലിലെ വടക്കെ കിണറുള്ളകണ്ടി രവീന്ദ്രനാണ് വെട്ടേറ്റത്. സംഭവത്തില്‍ പേരാമ്പ്ര പൈതോത്ത് സ്വദേശി ശ്രീനിവാസനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്.

ബസ് കീഴല്‍ മുക്കിലെത്തിയപ്പോഴാണ് ശ്രീനിവാസന്‍ കൊടുവാളെടുത്ത് രവീന്ദ്രനുനേരെ വീശിയതെന്ന് പോലീസ് പറഞ്ഞു. വെട്ടിയതിനുപിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും വടകരയില്‍നിന്ന് ബസില്‍ വരുകയായിരുന്നു. യാത്രക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ശ്രീനിവാസനെ പിടികൂടി.

രവീന്ദ്രന്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്കാണ് പരിക്കേറ്റത്. രാത്രിതന്നെ ശസ്ത്രക്രിയ നടത്തി.

ശ്രീനിവാസന്‍ മാഹിയില്‍ തെങ്ങുകയറ്റം കഴിഞ്ഞ് മടങ്ങിവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തെങ്ങുകയറുമ്പോള്‍ ഉപയോഗിക്കുന്ന കൊടുവാള്‍കൊണ്ടാണ് വെട്ടിയത്. പ്രതിയുടെ പേരില്‍ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് വടകര സി.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

summary: The accused, a native of Pythoth, is in custody after injuring a passenger in a private bus with a sword