പി.എം കിസാന്‍ സമ്മാന്‍ നിധി! കര്‍ഷകര്‍ക്കായുള്ള പതിനാലാം ഗഡുവായ 2000രൂപ ഇന്ന് അക്കൗണ്ടുകളിലെത്തും; നിങ്ങള്‍ ചെയ്യേണ്ടത്
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പി.എം കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകര്‍ത്താക്കളുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
2019 ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ ഇക്കാല ബജറ്റിലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. നിലവില്‍ പതിനഞ്ച് കോടിയോളം ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴില്‍ ആനുകൂല്യം കൈപ്പറ്റി വരുന്നത്. വിളകളുടെ ആരോഗ്യവും പരിപാലനവും ഉറപ്പാക്കി അതുവഴി കര്‍ഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കിസാന്‍ സമ്മാന്‍നിധി വഴി പ്രതിവര്‍ഷം 6000 രൂപയാണ് ഭൂവുടകളായ കര്‍ഷകര്‍ക്ക് ലഭിക്കുക. രണ്ടായിരം രൂപവീതമുള്ള നാല് ഗഡുക്കളായാണ് പണം അക്കൗണ്ടിലെത്തുക.
പി.എം കിസാന്‍ പദ്ധതിയുടെ പതിനാലാം ഗഡു ഇന്ന് കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നാണ് പി.എം കിസാന്‍ വെബ്‌സൈറ്റില്‍ പറയുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായും ആധാറുമായും ബന്ധിപ്പിക്കേണ്ടതുണ്ട്. ആധാറുമായും എന്‍.പി.സി.ഐയുമായും ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പതിനാലാം ഗഡു വിതരണം ചെയ്യുകയുള്ളൂ. നിങ്ങളുടെ അക്കൗണ്ട് ഇതുവരെ എന്‍.പി.സി.ഐയുമായി ബന്ധപ്പിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. കാരണം ഗുണഭോക്താക്കളുടെ അക്കൗണ്ടുകള്‍ ആധാറുമായും എന്‍.പി.സി.ഐയുമായും ബന്ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് നല്‍കിയിരിക്കുന്നത്.
ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത കര്‍ഷകരോട് അവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എങ്കില്‍ മാത്രമെ ധനസഹായം ലഭിക്കുകയുള്ളു.
ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് എങ്ങനെ?
പിഎം കിസാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഹോംപേജിലെ വലത് വശത്തുള്ള ഇ-കെവൈസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ആധാര്‍ കാര്‍ഡ് നമ്പരും, കാപ്ച കോഡും ടൈപ്പ് ചെയ്യുക.
ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
നിങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് എത്തുന്ന ഒടിപി ടൈപ്പ് ചെയ്യുക
ഈ വിവരങ്ങളെല്ലാം നല്‍കി ഇ-കെവൈസി നടപടികള്‍ പൂര്‍ത്തികരിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കിയതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആധാര്‍ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക രംഗങ്ങളുടെ നട്ടെല്ലായ കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതി ആരംഭിച്ചത്. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതിനകം 12 ഗഡുക്കളായി 24,000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.