‘തണൽ റിഹാബ് യൂണിവേഴ്സിറ്റി പന്തിരിക്കരയിൽ തന്നെ സ്ഥാപിക്കണം’; പഞ്ചായത്ത് പ്രസി‍ഡന്റിന് നിവേദനം നൽകി വെൽഫെയർ പാർട്ടി


പേരാമ്പ്ര: തണൽ റിഹാബ് യൂണിവേഴ്സിറ്റി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പന്തീരിക്കരയിൽ തന്നെ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുപ്പത് ഏക്കർ ഭൂമിയിൽ റിഹാബ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി സ്ഥലം എടുപ്പ് തുടങ്ങിയപ്പോൾ തന്നെ പരിസ്ഥിതിക്ക് കോട്ടു തട്ടുമെന്ന് ഉന്നയിച്ച് പ്രദേശവാസികളിൽ ഒരു വിഭാഗം പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു വരുന്നുണ്ടെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.

കുന്നിടിച്ച് തിരത്താതെ ഭൂമിയുടെ കിടപ്പനുസരിച്ച് ബഹുനില കെട്ടിടങ്ങൾ ഇല്ലാതെ തികച്ചും പ്രകൃതിക്ക് ഇണങ്ങിയ തണൽ വീടുകളാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. 70% ഭൂമിയും കൃഷിക്ക് ഉപയുക്തമാക്കി അന്തേവാസികളുടെ പുനരധിവാസ പദ്ധതിയാണ് തണൽ ഉദ്ദേശിക്കുന്നതെന്ന് പാർട്ടിക്ക് ബോധ്യമായിട്ടുണ്ടെന്നും ഈക്കാര്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയെ അറിയിച്ചതായും വെൽഫെയർ പാർട്ടി വ്യക്തമാക്കി.

മാലിന്യ സംസ്കരണത്തിന് സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും പ്രകൃതിദത്ത വിഭവങ്ങൾക്ക് പ്രാധാന്യം കൊടുത്തുളള നിർമ്മാണമാണ് ഉദ്ദേശിക്കുന്നതെനും പാർട്ടി പഠനത്തിൽ ബോധ്യമായിട്ടുണ്ട്. നാടിന് വികസനവും ധാരാളം തൊഴിലവസരങ്ങൾക്ക് സാധ്യതയുള്ളതുമായ തണലിന്റെ പദ്ധതി ചങ്ങരോത്ത് പഞ്ചായത്തിലെ പന്തീരിക്കരയിൽ തന്നെ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റിന് കൊടുത്ത നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദന സംഘത്തിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഖാസിം, സെക്രട്ടറി വി.എം. മൊയ്തു, സി.എം.സുബൈർ, കുട്ടി മമ്മി പന്തീരിക്കര, മമ്മു കിഴക്കൻ പേരാമ്പ്ര, ഫൈസൽ കണ്ടോത്ത് എന്നിവർ പങ്കെടുത്തു.

ഫോട്ടോ: തണൽ റിഹാബ് യൂണിവേഴ്സിറ്റി പന്തീരിക്കരയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് സമിതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് നിവേദനം നൽകുന്നു.

Summary: Thanal rehabilation cenetr should build at panthirikakara welfareparty