മലയാള സിനിമയിൽ തമ്പ്രാൻ വാഴ്ച, ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്


തിരുവനന്തപുരം: മലയാള സിനിമാമേഖലയിലെ ലൈംഗിക ചൂഷണ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഡബ്ല്യൂസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സിനിമാ മേഖലയില്‍ വ്യാപക ചൂഷണമാണെന്നും അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റിപ്പീറ്റ് ഷോട്ടുകള്‍ നല്‍കും. 17 തവണ ഇത്തരത്തില്‍ തുടരെ തുടരെ ഷോട്ടുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തലേന്ന് ഉപദ്രവിച്ച താരത്തിന്റെ ഭാര്യയായി അഭിനയിക്കേണ്ട വന്ന അനുഭവവും

റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പലരും പരാതി നല്‍കാത്തത് ജീവഭയം കൊണ്ടാണെന്നും റിപ്പോട്ടിലുണ്ട്.

ജൂനിയർ ആർട്ടിസ്റ്റിൻ്റെ ജോലിക്ക് സമയപരിധി ഇല്ലെന്നാണ് മറ്റൊരു വിമ‍ർശനം. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ജോലി പുലർച്ചെ 2 മണി വരെ നീളുന്നു. കാര്യമായ തുകയും പ്രതിഫലമായി നൽകില്ല. അഭിനയിക്കാനെത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ തികഞ്ഞ അവഗണന നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നും, സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോർട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍

*സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍
*വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു
*വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
*പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
*കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
*സ്ത്രീകളോട് പ്രാകൃത സമീപനം
*ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു
*അവസരത്തിനായി ശരീരം ചോദിക്കുന്നു
*ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
*സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
*പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു
*തുറന്ന് പറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി
*ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
*വനിതകളോട് അശ്ലീലം പറയരുത്, തുല്യ തുല്യ പ്രതിഫലം നൽകണം
*സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയം
*ഫോണ്‍ വഴിയും മോശം പെരുമാറ്റം
*അല്‍പ്പ വസ്ത്രംധരിച്ചാല്‍ അവസരം, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു
*വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
*വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം
*സിനിമ മേഖലയിൽ വ്യാപക ചൂഷണം
*അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം
*പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്‌
*അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍
*സംവിധായകര്‍ക്കെതിരേയും മൊഴി
*ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
*വിസമ്മതിച്ചാല്‍ ഭീഷണി
*നഗ്നതാപ്രദര്‍ശനവും വേണം
*മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം
*ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും
*എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍
*വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും
*പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുന്നു
*രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കും വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും *സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്‍ക്കും.
*പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
*സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും.
*17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു
*ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു
*മലയാളസിനിമയിൽ തമ്പ്രാൻവാഴ്ച നടക്കുന്നു