താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ വിദ്യാർഥികളെ നേരിട്ട് ഹാജരാക്കിയിരുന്നു.
ഏപ്രിൽ ഒന്നിന് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെൻററിലെ യാത്രയയപ്പ് പരിപാടിയെ ചൊല്ലി സംഘർഷം ഉണ്ടായിരുന്നു. ഇതിൽ ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്നാണ് ഷഹബാസ് മരിച്ചത്.
