കേരളത്തിൽ ഒന്നാമത്, ദേശീയ തലത്തിൽ 23 -ാം റാങ്കും; നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്


താമരശ്ശേരി: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടി താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തിന്റെ അഭിമാനമായത്. ബിരുദതല മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയിൽ രണ്ടാം ശ്രമത്തിലാണ് ആര്യ മികച്ച വിജയം കരസ്ഥമാക്കിയത്.

അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ് ആര്യ നേടിയത്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. താമരശ്ശേറി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പാല ബ്രില്യന്റ് കോച്ചിങ് സെന്ററില്‍ പരിശീലനം നടത്തിവരികയായിരുന്നു.

താമരശ്ശേരി സ്വദേശിനിയായ ആര്യ പോലീസ് ഉദ്യോഗസ്ഥനായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന ആര്‍.എസ് സഹോദരിയാണ്.