ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 21 ലിറ്റർ മാഹി മദ്യവുമായി തളിപ്പറമ്പ് സ്വദേശി വടകര എക്സൈസിന്റെ പിടിയില്‍
വടകര: സ്കൂട്ടറിൽ കടത്തുകയായിരുന്ന 21 ലിറ്റർ മാഹി മദ്യവുമായി കുഞ്ഞിപ്പള്ളിയിൽ തളിപ്പറമ്പ് സ്വദേശി പിടിയില്‍. പയ്യാവൂർ പലയാട് മുട്ടത്തിൽ മിഥുൻ തോമസ് ആണ് അറസ്റ്റിലായത്. ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജയരാജൻ കെ.എയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി കണ്ണൂർ – കോഴിക്കോട് നാഷണൽ ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് 8.30ഓടെ ഇയാള്‍ പിടിയിലാവുന്നത്. KL 59 1291 ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ 42 കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിജയൻ വി.സി സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം.പി, മുഹമ്മദ് റമീസ് കെ, അഖിൽ കെ.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ തുഷാര, ടി.പി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി.എന്നിവർ പങ്കെടുത്തു.
ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ വടകര എക്സൈസ് രണ്ടാഴ്ചക്കുള്ളിൽ മാഹി വിദേശമദ്യം കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഏകദേശം 400 ലിറ്ററോളും മാഹി വിദേശമദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Description: Thaliparamb native arrested with 21 liters of mahi liquor