വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയ തലശ്ശേരി-മാഹി ബൈപ്പാസ്; കടന്നുപോകുന്നത് മാഹിപ്പാലത്തിലെയും തലശ്ശേരിയിലെ ഇടുങ്ങിയ റോഡുകളിലേയും ​ഗതാ​ഗതക്കുരുക്കിന് പരിഹാരമായ വർഷം


വടകര: കേരളത്തിന്റെ വികസന ചരിത്രത്തിൽ 2024 എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഏടാകും. അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ സ്വപ്നമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ച വർഷമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ബൈപ്പാസ് നാടിന് സമർപ്പിച്ച ശേഷം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും നിയമസഭ സ്പീക്കർ അഡ്വ. എഎൻ ഷംസീറിന്റെയും നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ കന്നിയാത്ര നടത്തിയിരുന്നു. തുറന്ന ബസിൽ ബൈപ്പാസിലൂടെ നടത്തിയ സവാരി വികസന ചരിത്രത്തിലെ നാഴികകല്ലായി മാറി.

അഴിയൂർ നിന്ന് ആരംഭിച്ച് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് അവസാനിക്കുന്ന 18.6 കിലോമീറ്റർ നീളത്തിലുള്ള ബൈപ്പാസ് ദീർഘദൂര യാത്രികർക്ക് ഏറെ ആശ്വാസമാണ്. മാഹിപ്പാലം, സൈദാർപള്ളി, ദേശീയപാതയിലെ തലശ്ശേരി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ കുരുക്കിനെ ഭയക്കാതെ വടകര ഭാഗത്ത് നിന്നുള്ള യാത്രക്കാർ കണ്ണൂരേക്ക് അരമണിക്കൂർ കൊണ്ട് എത്തി തുടങ്ങി. മാഹി, പള്ളൂർ, ചൊക്ലി, കോടിയേരി, തലശ്ശേരി, എരഞ്ഞോളി, ധർമടം, എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. 45 മീറ്റർ വീതിയിലാണ് ആറ് വരിപ്പാത നിർമ്മിച്ചത്.

തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങൾ, അഴിയൂരിൽ റെയിൽവേ മേൽപാലം, നാലു വലിയ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കിൾ അണ്ടർപാസുകൾ, അഞ്ചു സ്മോൾ വെഹിക്കിൾ അണ്ടർപാസുകൾ, ഒരു വലിയ ഓവർപാസ് എന്നിവ തലശ്ശേരി- മാഹി ബൈപാസിൽ ഉൾപ്പെടുന്നുണ്ട്. കൊളശ്ശേരിക്ക് സമീപം താൽകാലിക ടോൾപ്ലാസയും ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിന് ആവശ്യമായി പള്ളൂർ ഭാഗത്ത് ഇരുവശത്തുമായി ഇതിനോടകം ഓരോ പെട്രോൾപമ്പുകളും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ബൈപ്പാസിനായി 1977ൽ ആരംഭിച്ച സ്ഥലമേറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കർ സ്ഥലമായിരുന്നു. സ്ഥലം വിട്ടുനൽകിയ ഭൂഉടമകൾക്ക് അവർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നലകിയെന്നതും ശ്രദ്ധേയമായിരുന്നു. 45 മീറ്റർ വീതിയിൽ ആറ് വരിപ്പാതയാണ് ഒരുങ്ങിയത്. 1516 കോടി രൂപയിലേറെ ചെലവിട്ടായിരുന്നു ബൈപ്പാസിന്റെ നിർമാണം. മൂന്നുവർഷം കൊണ്ട് പൂർത്തിയാകേണ്ട പ്രവൃത്തി വിവിധ പ്രകൃതിദുരന്തങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു.

എറണാകുളം പെരുമ്പാവൂരിലെ ഇകെകെ കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ധർമടം ബാലത്തിൽ പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നതിനിടെ ബീമ് തകർന്ന് വീണത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 2020ലാണ് ബീമുകൾ പുഴയിൽ പതിച്ചത്. കൂടാതെ നിർമാണത്തിനിടെ ചോനാടം, ഇല്ലത്ത് താഴെ, എകരത്ത്പീടിക ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് വീണതും വിമർശനങ്ങൾക്ക് വഴിവച്ചു. നിരവധി വീടുകൾ അപകട ഭീക്ഷണി നേരിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ഭീക്ഷണി നേരിടുന്ന പ്രദേശങ്ങളിൽ കരാർ കമ്പനി കോൺഗ്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ചു.

മണിക്കൂറിൽ 110-120 കിലോമീറ്റർ വരെ വേഗത്തിൽ കുതിക്കാവുന്ന തരത്തിൽ നിർമിച്ച പാതയാണ് തലശ്ശേരി മാഹി ബൈപാസ്. നിലവിൽ ഇതുവഴിയുള്ള യാത്രയ്ക്ക് കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്ററും ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 60 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. സർവീസ് റോഡുകളിൽ നിന്നും പള്ളൂർ സ്പിന്നിങ് മിൽ ഭാഗത്തെ സിഗ്‌നൽ ജംക്ഷനിൽ നിന്നുമെല്ലാം ബൈപാസിലേക്ക് വാഹനങ്ങൾ പ്രവേശിക്കാനുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് ഇത്. എന്നാൽ വേഗപരിധി പാലിക്കാത്ത തരത്തിലാണ് വാഹനങ്ങൾ കുതിക്കുന്നത്. ഇത് അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ട്രയൽ റണ്ണിനായി റോഡ് തുറന്ന ആദ്യ 3 ദിവസങ്ങൾക്കിടെ ബൈപാസിൽ മൂന്നിടത്ത് അപകടങ്ങൾ സംഭവിച്ചിരുന്നു.

ഒമ്പത് മാസത്തിനിടെ ഇവിടെ നിന്നും വാഹനാപകടത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. പള്ളൂർ സിഗ്‌നൽ ജംഗ്ഷനിലും ഇതിന് സമീപവുമാണ് കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായത്. പത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരപരിക്കേറ്റ് ഇപ്പോഴും ചികിത്സയിലുള്ളവരും നിരവധിയാണ്. അനധികൃതമായി പാർക്ക് ചെയ്ത കാർ, ലോറി ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് പിറകിൽവന്ന് ഇടിച്ചുണ്ടായ അപകടവും കൂടുതലായിരുന്നു. അമിതവേഗം, സർവ്വീസ് റോഡിലൂടെയുള്ള അലക്ഷ്യമായ യാത്ര, സുരക്ഷാക്രമീകരണങ്ങൾ പൂർണമായും യാഥാർഥ്യമാക്കാത്തത്, അശാസ്ത്രീയമായ സിഗ്‌നൽ സംവിധാനം തുടങ്ങി ബൈപാസിലെ അപകടങ്ങൾക്ക് കാരണങ്ങൾ ഒട്ടനവധിയാണ്. വേഗപരിധി ലംഘിച്ചും സിഗ്‌നൽ പാലിക്കാതെയും സർവ്വീസ് റോഡിൽ ദിശതെറ്റിച്ചും വാഹനമോടിക്കുന്നത് ക്യാമറ കണ്ണുകളിൽപ്പെടില്ലെന്ന ഉറപ്പിനാലാണ്.

ദേശീയപാതയിലെങ്ങും തെരുവ് വിളക്കുകളില്ലാത്തത് അപകടങ്ങളിൽ വില്ലനാവുന്നു. ടോൾ ബൂത്തിന് സമീപം മാത്രമാണ് ലൈറ്റുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഗോകുൽരാജെന്ന യുവാവ് മരണപ്പെട്ട അപകടത്തിനും വെളിച്ചക്കുറവ് കാരണമായി. പാറാൽ ഭാഗത്ത് ദേശീയപാതയിൽ ഒന്നാമത്തെ ലൈനിൽ ബ്രേക്ക് ഡൗണായികിടന്ന ലോറിയുടെ പിറകിൽ ലോറിയിടിച്ചായിരുന്നു അപകടം. ഇതിന് ശേഷം വാഹനയാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും പോലീസും സംയുക്തമായി ബൈപാസിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയാരംഭിച്ചിട്ടുണ്ട്.

ആഴ്ചകൾക്ക് മുൻപാണ് ഈസ്റ്റ് പള്ളൂർ ജംഗ്ഷനിലെ സിഗ്‌നലിലെ ബാറ്ററികൾ മോഷണം പോയത്. തുടർന്ന് സ്പിന്നിംഗ് മിൽ-മാഹി റോഡ് കയർകെട്ടിയച്ച് വാഹന ഗതാഗതം തടഞ്ഞു. റോഡിന് മറുഭാഗത്തെത്താൻ ഇപ്പോൾ സർവീസ് റോഡ് വഴി കറങ്ങിവേണം വാഹനങ്ങൾക്ക് കടന്നുപോവാൻ. മോഷ്ടാക്കളെ പിടികൂടാനോ പുതിയബാറ്ററികൾ സ്ഥാപിക്കാനോ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന്മാസം കൊണ്ട് സിഗ്‌നലിൽ ക്യാമറയും ലൈറ്റും സ്ഥാപിക്കാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും ഇതുവരെ നടപടിയൊന്നുമാവാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.