രോഗീസൗഹൃദ പരിശോനാ നിരക്കുകള്‍, തൈറോയ്ഡ്, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് 40 ശതമാനത്തോളം വിലക്കുറവില്‍ പരിശോധന; വികസന പാതയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി


പേരാമ്പ്ര: ആരോഗ്യ പരിപാലന രംഗത്ത് മികച്ച സൗകര്യങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധനാ സംവിധാനമൊരുക്കി ആശുപത്രി രോഗീ സൗഹൃദമാവുകയാണ്. ഇതിന്റെ ഭാഗമായി ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തൈറോയ്ഡ്, ട്രോപോണിന്‍ ഐ, ഇന്‍ഫേര്‍ട്ടിലിറ്റി, വൈറ്റമിന്‍ ഡി തുടങ്ങി വിവിധങ്ങളായ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ആശുപത്രിയില്‍ ലഭ്യമാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഏഴ് ലക്ഷം രൂപയാണ് ഹോര്‍മോണ്‍ അനലൈസര്‍ വാങ്ങുന്നതിന് അനുവദിച്ചത്.

ആദ്യ ഘട്ടത്തില്‍ തൈറോയ്ഡിനുള്ള ടി.3, ടി.4, ടി.എസ്.എച്ച്, ഹൃദയാഘാതം പരിശോധിക്കുന്ന ട്രോപോണിന്‍ ഐ, വൈറ്റമിന്‍ ഡി എന്നീ പരിശോധനകള്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. തുടര്‍ ഘട്ടങ്ങളില്‍ ട്യൂമര്‍ മാര്‍ക്കര്‍, ഇന്‍ഫേര്‍ട്ടിലിറ്റി പരിശോധനകളും ലഭ്യമാകും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സ്വകാര്യ ലാബുകളേക്കാള്‍ 40 ശതമാനത്തോളം വിലക്കുറവില്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പരിശോധന നടത്താന്‍ സാധിക്കുമെന്ന് അധികൃതകര്‍ പറഞ്ഞു.

പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 24 മണിക്കൂറും ലാബിന്റെ സേവനം ലഭ്യമാണ്. ജീവിത ശൈലി രോഗ നിര്‍ണ്ണയം, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, റീനല്‍ ഫങ്ഷന്‍ ടെസ്റ്റ്, ലിപ്പിഡ് പ്രോഫൈല്‍ ടെസ്റ്റ്, സീറോളജി ടെസ്റ്റുകളും ആശുപത്രിയില്‍ ലഭ്യമാണ്. ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് ലാബിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ലാബില്‍ കൂടുതല്‍ പരിശോധനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് സേവനം ലഭ്യമാക്കാന്‍ കഴിയും.