കറങ്ങാനെടുത്ത കാര്‍ തകരാറിലായി; നന്നാക്കാനുള്ള പണം കണ്ടെത്താന്‍ പള്ളിയില്‍ കയറി മോഷണം, താമരശ്ശേരിയില്‍ കൗമാരക്കാരന്‍ പിടിയില്‍


താമരശ്ശേരി: പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ കൗമാരക്കാരനെ പിടികൂടി. തച്ചംപൊയില്‍ ചാലക്കര ജുമാഅത്ത് പള്ളിയില്‍ കയറി എണ്ണായിരത്തോളം രൂപ മോഷ്ടിച്ച പതിനേഴുകാരനെയാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തന്നെ കണ്ടെത്തിയത്.

കറങ്ങാനെടുത്ത് തകരാറിലായ സുഹൃത്തിന്റെ കാര്‍ നന്നാക്കാന്‍ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് കൗമാരക്കാരന്‍ മോഷണം നടത്തിയത്. അപഹരിച്ച പണം കണ്ടെത്തുകയും പൗരപ്രമുഖര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ വിദ്യാര്‍ഥിയുടെ ഭാവിയെക്കരുതി പള്ളി അധികൃതര്‍ നിയമനടപടി വേണ്ടെന്ന് വെക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ കൗമാരക്കാരന്‍ പള്ളിയുടെ അകത്തുകയറി ഇമാമിന്റെ മുറിയില്‍ സൂക്ഷിച്ച പണം അപഹരിച്ചത്. പള്ളിയ്ക്കകത്തുണ്ടായിരുന്ന താക്കോല്‍കൂട്ടമെടുത്ത് മുകള്‍നിലയിലെ ഇമാമിന്റെ മുറിയുടെ വാതില്‍ തുറക്കുകയും മേശയിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു.

പണം എടുത്ത് ബൈക്കില്‍ കടന്നുകളഞ്ഞ കുട്ടിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇമാം മുറിയിലെ സാധനങ്ങള്‍ സ്ഥാനം മാറിയത് കണ്ട് നോക്കിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്തുകയും ഉച്ചയോടെ ആളെ കണ്ടെത്തുകയും ചെയ്തു.