‘അശാസ്ത്രീയ അക്കാദമിക് കലണ്ടർ പുനക്രമീകരിക്കുക’; എ.കെ.എസ്.ടി.യു നേതൃത്വത്തിൽ വടകരയിലെ ജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് അധ്യാപകർ


വടകര: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.വി.ആനന്ദൻ അധ്യക്ഷത വഹിച്ചു.

അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുക്കാതെ ധൃതി പിടിച്ച് അടിച്ചേൽപ്പിക്കുന്ന അക്കാദമിക്ക് കലണ്ടർ പിൻവലിക്കുന്നതു വരെ സംഘടന സമരം തുടരുമെന്നും. പങ്കാളിത്ത പെൻഷൻ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയ അക്കാദമിക് കലണ്ടർ പുനക്രമീകരിക്കുക, ആറാം പ്രവൃത്തി ദിനം ഒഴിവാക്കുക, നീറ്റ് – നെറ്റ് യോഗ്യതാ പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഹയർ സെക്കൻഡറി സ്ഥലമാറ്റവും സ്ഥാനകയറ്റവും സുതാര്യമാക്കുക, വിദ്യാഭ്യാസത്തെ വർഗീയ വൽക്കരിക്കുന്ന ദേശീയ നയം തിരുത്തുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായാണ് ധർണ നടത്തിയത്.

ജില്ലാ സെക്രട്ടറി ബി.ബി.ബിനീഷ്, എ.ടി.വിനീഷ്, സി.വി.സജിത്ത്, കെ.സുധിന, സി.രാമകൃഷ്ണൻ, കെ.പി.പവിത്രൻ, പി.അനീഷ്, ഡോ:വിദ്യ ജി.നായർ, സി.കെ.ബാലകൃഷ്ണൻ, പ്രജിഷ എളങ്ങോത്ത്, ഇ.കെ.അശ്വതി എന്നിവർ സംസാരിച്ചു.