‘അവരുടെ ചുവടുകള്‍ തെറ്റാതെ നോക്കണ്ടെ…’; ചങ്ങരോത്തെ ഭിന്നശേഷി കലോത്സവത്തില്‍ കുട്ടികളുടെ സ്‌റ്റേജിലെ നൃത്തത്തിനൊപ്പം സദസില്‍ കൂടെ ചുവട് വച്ച് ഒരു അധ്യാപിക; വൈറലായ വീഡിയോ കാണാം
ചങ്ങരോത്ത്: അധ്യാപകര്‍ ചിലപ്പോഴൊക്കെ അത്ഭുതങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ ഒരു അധ്യാപികയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ചങ്ങരോത്ത് ബഡ്‌സ് സ്‌കൂളിലെ അധ്യാപികയായ അഞ്ജലിയാണ് ചങ്ങരോത്ത് പഞ്ചായത്തില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ കുട്ടികളുടെ ചുവടുകള്‍ തെറ്റാതിരിക്കാന്‍ സദസില്‍ അവരോടൊപ്പം ചുവടുവച്ചത്.
വേദിയില്‍ കുട്ടികള്‍ ഒപ്പനയും മറ്റ് നൃത്തങ്ങളും കളിക്കുമ്പോഴാണ് സദസില്‍ ടീച്ചര്‍ ഒപ്പം ചേര്‍ന്നത്. ടീച്ചര്‍ കളിക്കുന്നത് നോക്കിയായിരുന്നു കുട്ടികളുടെ ഓരോ ചുവടുകളും. താന്‍ കളിക്കുന്നത് കണ്ടാല്‍ മാത്രമേ അവരും കളിക്കുകയുള്ളുവെന്ന് ടീച്ചര്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ മൂന്ന് മാസം മുമ്പെ പരിശീലനം തുടങ്ങിയതാണെന്നും അവര്‍ അറിയിച്ചു.
ഏഴ് വര്‍ഷം മുമ്പാണ് സ്‌കൂളിലെ അധ്യാപികയായി ടീച്ചറെത്തിയത്. അവര്‍ നമ്മളെ സ്‌നേഹിച്ചാല്‍ പിന്നെ എല്ലാത്തിനും നമ്മള്‍ മതി. ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷമാണ് അവര്‍ ഓരോരോ കാര്യങ്ങളും ചെയ്യുന്നത്. അത് ചെയ്യുന്നത് കാണുന്നത് തന്നെ നമുക്ക് സംതൃപ്തി നല്‍കുന്ന കാര്യമാണെന്നും കുട്ടികളുമായി വളരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും ടീച്ചര്‍ പറഞ്ഞു.
പഞ്ചായത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് പങ്കുവയ്ക്കപ്പെടുകയായിരുന്നു. വീഡിയോ കണ്ട് ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്നും ടീച്ചര്‍ അറിയിച്ചു.