ആവേശം നിറച്ച് ജില്ലയിലെ സർക്കാർ എയ്ഡഡ് അധ്യാപകരുടെ ക്രിക്കറ്റ് മത്സരം ചെറുവണ്ണൂരിൽ; വിജയത്തിനായി മാറ്റുരച്ച് ആദ്യ സെമി ഫൈനൽ മത്സരത്തിൽ നാല് ടീമുകൾ


പേരാമ്പ്ര: ജില്ലയിലെ സർക്കാർ എയ്ഡഡ് അധ്യാപകർ മാറ്റുരക്കുന്ന സംസ്ഥാനത്തെ ആദ്യ പ്രീമിയർ മത്സരം ഇന്ന് ചെറുവണ്ണൂർ പഞ്ചായത്തിലെ മൈതാനിയിൽ തുടക്കമായി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ചു.

തണ്ടർ ലയൺസ് വട്ടോളി, ഉദയ പെയിന്റ്സ് പേരാമ്പ്ര, സ്പാർക്ക് മേലടി, ഇബൾസ് നന്മണ്ട എന്നീ ടീമുകളാണ് ഇന്ന് മത്സരിക്കുന്നത്. ഓരോ ടീമിനും മൂന്ന് വീതം മത്സരങ്ങളാണ് ഉണ്ടായിരിക്കുക. പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ.ടി. പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുബൈദ ഇ.കെ അധ്യക്ഷത വഹിച്ചു. നാളെ നടക്കുന്ന മത്സരത്തിലും നാല് ടീമുകളാണ് മത്സരിക്കുക.

അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേർസ് ക്രിക്കറ്റ് ക്ലബ്ബ് കോഴിക്കോടാണ് സംഘാടകർ. ലേലത്തിലൂടെയാണ് ഒരോ ടീമും താരങ്ങളെ സ്വന്തമാക്കിയത്. ലേലം വിളി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് നടന്നത്. ലെജന്റ് കൊടുവള്ളി, ഉദയ പെയിന്റ്സ് പേരാമ്പ്ര, കൃഷ്ണ ബ്രദേഴ്സ്, സ്പാർക്ക് മേലടി, ഇബൾസ് നന്മണ്ട, ഫാൽക്കൺസ് ഫാറുഖ്, ടി.എച്ച്.എസ്.എസ്. സുപ്പർ ഇലവൻ, തണ്ടർ ലയൺസ് വട്ടോളി എന്നിവയാണ് ടീമുകൾ.