കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപക ഒഴിവുകള്‍; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് എന്‍ഐടി വിവിധ വകുപ്പുകളിലേക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയ വകുപ്പുകളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്.

കൂടാതെ എജുക്കേഷന്‍ വകുപ്പിന് കീഴില്‍ വിദ്യാഭ്യാസം, എക്കണോമിക്‌സ്, ബോട്ടണി അധ്യാപകരെയും സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍, എന്റര്‍പ്രെണര്‍ഷിപ് ആന്‍ഡ് ഇന്‍ക്യൂബേഷന്‍ വകുപ്പിന് കീഴില്‍ സംരംഭകത്വം, മാനേജ്‌മെന്റ്, വിദ്യാഭ്യാസം മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയിലും താത്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്.

ജൂലായില്‍ ആരംഭിക്കുന്ന ഒരു സെമസ്റ്റര്‍ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികള്‍ക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം. യോഗ്യത, അപേക്ഷാ ഫോം, പൊതുവായ നിര്‍ദ്ദേശങ്ങള്‍ എന്നിവ www.nitc.ac.in ൽ. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ എട്ട്.