മാനേജ്‌മെന്റിന് ലക്ഷങ്ങള്‍ നല്‍കി, ആറ് വര്‍ഷം ജോലി ചെയ്തു; നിയമനം ലഭിക്കാത്തതിനെതിരെ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിന് മുന്നില്‍ സമരവുമായി അധ്യാപിക


മേപ്പയ്യൂര്‍: സ്‌കൂളില്‍ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരവുമായി അധ്യാപിക. ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിലെ അധ്യാപികയായ ബി.കെ.ജിന്‍ഷയാണ് നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിനിറങ്ങിയത്.

ജോലി ലഭിക്കാനായി ലക്ഷങ്ങളാണ് ജിന്‍ഷ സ്‌കൂള്‍ മാനേജ്‌മെന്റിന് നല്‍കിയത്. തുടര്‍ന്ന് സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരം അധ്യാപികയായി നിയമനം നല്‍കിയിരുന്നില്ല.

ആറ് വര്‍ഷത്തോളമായി സ്‌കൂളില്‍ താല്‍ക്കാലിക ജോലി തുടരുന്നതിനിടെയാണ് തനിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ജോലി മറ്റൊരു ഉദ്യോഗാര്‍ത്ഥിക്ക് നല്‍കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായി ജിന്‍ഷ അറിയുന്നത്. ഈ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും മാനേജ്‌മെന്റ് പണം വാങ്ങിയെന്നും ആരോപണമുണ്ട്.

തുടര്‍ന്നാണ് ജിന്‍ഷ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ഇവര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തി.

ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് മാനേജ്‌മെന്റ് ജിന്‍ഷയുടെ പക്കല്‍ നിന്ന് പണം വാങ്ങിയതും ആറ് വര്‍ഷത്തോളം ജോലി ചെയ്യിച്ചതും. സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ കുട്ടികളെ ചേര്‍ക്കാനുമെല്ലാം ജിന്‍ഷയുടെ സേവനം സ്‌കൂള്‍ ഉപയോഗിച്ചിരുന്നു.

സ്‌കൂളിലെ അടുത്ത ഒഴിവിലേക്ക് നിയമനം നല്‍കാം എന്നായിരുന്നു മാനേജ്‌മെന്റ് ജിന്‍ഷയ്ക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ മറ്റൊരു ഉദ്യോഗാര്‍ത്ഥി കൂടുതല്‍ തുക നല്‍കിയതോടെയാണ് മാനേജ്‌മെന്റ് ജിന്‍ഷയെ ഒഴിവാക്കാന്‍ നീക്കം ആരംഭിച്ചത്. ഒരു ഒഴിവിലേക്ക് രണ്ട് പേരില്‍ നിന്ന് പണം വാങ്ങിയ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.

മാര്‍ച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി വി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.മാധവന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍, ടി.പി.കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് കാളിയെടുത്ത്, കെ.ടി.സുഭാഷ്, ആര്‍.കെ.ഗംഗാധരന്‍, റഷീദ് മുയിപ്പോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കുഞ്ഞിചാത്തുനായര്‍, എം.എം.സോജേഷ്, എം.തങ്കം, കെ.പി.സുഷമ, രാഗേഷ് സര്‍ഗ, സൂപ്പി നടക്കല്‍, കെ.മോഹനന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മേപ്പയ്യൂര്‍ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ.പ്രശോഭിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.