” പുതിയ അധ്യയനവര്‍ഷം മുതല്‍ അരിക്കുളത്തെ വീട്ടില്‍ താമസമാക്കി അവിടെ നിന്ന് സ്‌കൂളില്‍ പോകണമെന്നത് അവന്റെയും കൂടി സ്വപ്‌നമായിരുന്നു” ഛര്‍ദ്ദിയെ തുടര്‍ന്ന് മരണപ്പെട്ട അഹമ്മദ് ഹസന്‍ രിഫായിയെക്കുറിച്ച് എം.യു.പി സ്കൂളിലെ അധ്യാപകൻ


അരിക്കുളം: അരിക്കുളത്തെ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെയും അടുത്തവര്‍ഷം മുതല്‍ അവിടെ നിന്നുകൊണ്ട് പഠിക്കാന്‍ കഴിയുന്നതിന്റെയും സന്തോഷത്തിലായിരുന്നു കഴഞ്ഞദിവസം മരണപ്പെട്ട അഹമ്മദ് ഹസന്‍ രിഫായിയെന്ന് ഓര്‍ക്കുകയാണ് ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ അധ്യാപകന്‍. ചങ്ങരോത്തെ ഉമ്മയുടെ വീട്ടില്‍ നിന്നായിരുന്നു അവന്‍ ഇത്രയും കാലം പഠിച്ചത്. ഏഴാം ക്ലാസ് മുതല്‍ പുതിയ സ്‌കൂളിലേക്ക് മാറാനായിരുന്നു തീരുമാനമെന്നും അധ്യാപകന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

”ഉപ്പയുടെ നാട്ടിലേക്ക് താമസം മാറാനും അവനെ അവിടെയുള്ള സ്‌കൂളില്‍ ചേര്‍ക്കാനുമായിരുന്നു അവരുടെ തീരുമാനം. അവന്റെയും സ്വപ്‌നമായിരുന്നു അത്.” അധ്യാപകന്‍ പറയുന്നു.

എല്‍.പി മുതല്‍ ഇവിടെ പഠിച്ച കുട്ടിയായതുകൊണ്ടുതന്നെ സ്‌കൂളിലെ അധ്യാപകര്‍ക്കെല്ലാം പരിചിതനായിരുന്നു ആറാം ക്ലാസുകാരനായ അഹമ്മദ് ഹസന്‍ രിഫായി. പഠനത്തിന്റെ കാര്യത്തില്‍ ശരാശരി നിലവാരമായിരുന്നെങ്കിലും പഠനേതര പ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലുമെല്ലാം സജീവമായി പങ്കെടുക്കുമായിരുന്നെന്ന് അധ്യാപകന്‍ ഓര്‍ക്കുന്നു. ഞെട്ടലോടെയാണ് ഹസന്‍ രിഫായിയുടെ മരണവാര്‍ത്ത അധ്യാപകര്‍ ഉള്‍ക്കൊണ്ടത്. സഹപാഠികളും ഏറെ വിഷമത്തിലായെന്ന് അധ്യാപകര്‍ പറയുന്നു.

ഛര്‍ദ്ദിയെ തുടര്‍ന്ന് അവശനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അഹമ്മദ് ഹസന്‍ രിഫായി മരണപ്പെട്ടത്. അരിക്കുളത്തെ കടയില്‍ നിന്നും വാങ്ങിച്ച ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെയായിരുന്നു കുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടത്.

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി; ചങ്ങരോത്ത് എ.യു.പി സ്കൂൾ വിദ്യാർത്ഥി മരിച്ചു