‘ആശ്വാസം, ആക്രമം നടക്കുന്നതിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി’; പഹൽഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ഞെട്ടൽ മാറാതെ നാദാപുരത്തെ അധ്യാപക ദമ്പതികളും സുഹൃത്തുക്കളും
നാദാപുരം: പഹൽഗാമിലെ തീവ്രവാദ ആക്രമത്തിന് മുൻപ് നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് നാദാപുരം സ്വദേശികളായ അധ്യാപക ദമ്പതിമാരും മകളും സുഹൃത്തുക്കളും . 22 ന് രാത്രിയാണ് നാദാപുരത്തെ അധ്യാപക ദമ്പതികളായ കെ ബിമൽ, ജി എസ് ബീന മകൾ നിത്സ, സുഹൃത്തുക്കൾ കാശ്മീരിൽ നിന്ന് നെടുമ്പാശ്ശേരിയിൽ തിരിച്ചത്തിയത്. വീട്ടിലെത്തിയപ്പോഴാണ് പഹൽഗാമിൽ ഭീകരാക്രമത്തിൽ 26 പേർ കൊല്ലപ്പെട്ട വിവരം ഇവർ അറിയുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്വന്തം നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവർ.
പതിനാറാം തിയ്യതിയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് 11 പേരടങ്ങുന്ന സംഘം ശ്രീനഗറിൽ വിമാനത്തിലെത്തിയത്. ഇരുപതാം തിയ്യതി ഉച്ചക്ക്ക് ഒരു മണിയോടെയാണ് പഹൽഗാമിലെ എ ബി സി സ്പോട്ടുകളിൽ ബി സ്പോട്ടായ മിനി സ്വിറ്റ്സർലാണ്ട് എന്നറിയപ്പെടുന്ന ബേസരൺ വാലിയിലെത്തിയതെന്ന് ബിമൽ മാഷ് പറയുന്നു. ഇവിടെ നിന്ന് കുതിര സവാരിയൊക്കെ ചെയ്ത ശേഷമാണ് മടങ്ങിയത്. സുരക്ഷയ്ക്കായ് പ്രദേശത്ത് ഐ ടി ബി പി, സി ആർ പി എഫ് സേനകൾ ഉണ്ടായിരുന്നു. പെട്ടെന്ന് ഇത് പോലൊരു ആക്രമം ഇവിടെ ഉണ്ടായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. ഒരു ദിവസം മുന്നേ പഹൽഗാമിൽ നിന്ന് മടങ്ങാൻ കഴിഞ്ഞതിൻ്റെ ആശ്വാസമുണ്ട് ഇവർക്ക്.
