‘സമീപ പഞ്ചായത്തുകളേക്കാളും ടാർഗറ്റ് കൂടുതൽ, എൽ.ഡി.എഫ് ആരോപണവും അംഗങ്ങളുടെ പ്രതിഷേധവും തികച്ചും രാഷ്ട്രീയപ്രേരിതം’; ലൈഫ് ഭവനപദ്ധതി വിഷയത്തിൽ പ്രതികരണവുമായി വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ


വേളം: ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്നതായുള്ളഎൽ.ഡി.എഫ് ആരോപണവും അംഗങ്ങളുടെ പ്രതിഷേധവും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ. വടകര ഡോട്ട് ന്യൂസിനോടായിരുന്നു പ്രതികരണം. തിങ്കളാഴ്ച നടന്ന ഭരണസമിതിയോഗത്തിൽ ലൈഫ് ഭവനപദ്ധതി അജൻഡയിലില്ലാതിരുന്നിട്ടും അതിന്റെ പേരിൽ അനാവശ്യ തർക്കത്തിലേർപ്പെട്ട് ബഹളംവെക്കുകയായിരുന്നു. പഞ്ചായത്തിനേക്കാൾ വികസന ഫണ്ട് വരുന്ന സമീപ പഞ്ചാത്തുകളിൽ ഇതിലും കുറഞ്ഞ ടാർഗെറ്റുള്ളപ്പോൾ വേളത്തിന് മാത്രം എന്താണ് ഉയർന്ന ടാർഗെറ്റ് വന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

പ്രസിഡന്റിന്റെ വാക്കുകളിലേക്ക്

2022-23 വർഷത്തേക്കുള്ള ഭവന പദ്ധതിയുടെ കരട് ഗ്രാമസഭയിൽ അംഗീകരിക്കപ്പെട്ടതാണ്. മാർച്ച് 22 ന് മുൻപായി ഇതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് വെക്കേണ്ടതുണ്ട്. 95 വീടുകളാണ് ടാർഗറ്റ് തന്നിട്ടുള്ളതെങ്കിലും പഞ്ചായത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് 60 വീടുകൾ നിർമ്മിക്കാൻ എഗ്രിമെന്റ് വെക്കാമെന്ന ഭരണസമിതി യോഗത്തിലെ അജണ്ട അംഗീകരിക്കാൻ എൽ.ഡി.എഫ് മെമ്പർമാർ തയ്യാറായില്ലന്ന് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ കിട്ടുന്ന ഫണ്ടിനനുസരിച്ച് ആദ്യഘട്ടത്തിൽ 60 എഗ്രീമെന്റ് വെക്കുകയും ബാക്കി പിന്നീട് ഫണ്ട് വരുന്നതിനനുസരിച്ച് വർധിപ്പിക്കുകയും ചെയ്യാം എന്ന നിർദേശത്തോടും പ്രതികൂലമായാണ് എൽ.ഡി.എഫ് പ്രതികരിച്ചത്. ഫണ്ട് വിഹിതം പരിശോധിച്ച് മറ്റേതെങ്കിലും പദ്ധതിയിൽ നിന്ന് വെട്ടിച്ചുരുക്കാൻ പറ്റുമെങ്കിൽ ലൈഫിലേക്ക് ഇനിയും വർധിപ്പിക്കാം എന്നും ഭരണസമിതി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

വേളം പഞ്ചായത്തിനേക്കാളും വികസനഫണ്ട് വരുന്ന സമീപ പഞ്ചായത്തുകളായ ആയഞ്ചേരി, കുറ്റ്യാടി എന്നിവിടങ്ങളിൽ 17 ഉം 55ഉം ആണ് ടാർഗെറ്റ് കൊടുത്തിട്ടുള്ളത്, അതിലും ചുരുങ്ങിയ സാമ്പത്തിക സ്ഥിതിയുള്ള വേളത്തിന് മാത്രം എന്ത് മാനദണ്ഡ പ്രകാരമാണ് ഇത്തരമൊരു ഉയർന്ന ടാർഗെറ്റ് എന്നത് ഇനിയും വ്യക്തമായിട്ടില്ല.

2018-19 കാലയളവിൽ കഴിഞ്ഞ ഭരണസമിതിയുടെ സമയത്ത് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വീട് കൊടുത്ത ഒരു പഞ്ചായത്താണ് വേളം. ഹഡ്കോ വഴി മൂന്നരക്കോടിയോളം വായ്പ എടുത്തിട്ടാണ് അന്ന് അത് സാധ്യമായത്. അതിന്റെ അടവ് ഓരോ സാമ്പത്തിക വർഷവും പഞ്ചായത്ത് കൃത്യമായി അടക്കുന്നുണ്ട്. പഞ്ചായത്തിന് കിട്ടുന്ന വിഹിതത്തിൽ ആ അടവ് കഴിഞ്ഞ് ബാക്കിയുള്ളത് മാത്രമേ കിട്ടൂ. വായ്പാ തിരിച്ചടവ് കിഴിച്ചിട്ട് കിട്ടുന്ന പണംകൊണ്ട് അനിവാര്യമായി വകയിരുത്തേണ്ട പല മേഖലകളുമുണ്ട്. ഇനിയും ലോണെടുത്ത് കഴിഞ്ഞാൽ ഒരു പദ്ധതികളും നടപ്പിലാക്കാനാകാത്ത സ്ഥിതി വരുമെന്നും നയീമ വ്യക്തമാക്കി.

ALSO READ- ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി പരാതി; വേളത്ത് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി, ഭവനപദ്ധതിക്ക് മതിയായ തുക വകയിരുത്തിയില്ലെന്ന് ആരോപണം