താനൂര്‍ ബോട്ട് ദുരന്തം: ഒളിവിൽപോയ ബോട്ടുടമ നാസറിനെ എലത്തൂരിൽ നിന്ന് പിടികൂടി, അറസ്റ്റ്


മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ‘അറ്റ്ലാന്റിക്’ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ എലത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.

നാസറിന്റെ കാര്‍ കൊച്ചിപോലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.

ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.

താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അറ്റ്‌ലാന്റിക്‌ എന്ന ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തുള്ളപ്പോൾ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 37 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പത്ത് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേര്‍ അപകടത്തിന് പിന്നാലെ നീന്തിരക്ഷപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.