പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന്റെ ചിത്രം ഫോണിലെടുത്ത് അയ്ക്കൂ; പണം കിട്ടും
കോഴിക്കോട് : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കാൻ ശുചിത്വമിഷൻ പൊതുജനങ്ങൾക്കായി വാട്സാപ് സംവിധാനം ഏർപ്പെടുത്തി. മാലിന്യം വലിച്ചെറിയൽ, മാലിന്യം കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ ഫോട്ടോ എടുത്ത് 9446700800 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യാനാണ് ശുചിത്വമിഷൻ അറിയിച്ചിരിക്കുന്നത്. ഇത്തരം പരാതികളിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുമെന്നു മാത്രമല്ല, തെളിവു സഹിതം നൽകുന്ന പരാതികൾക്കു പാരിതോഷികവും ലഭിക്കും. ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനമാണു പാരിതോഷികം.
മലിനീകരണം നടത്തുന്ന വ്യക്തിയുടെ പേര്, മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ, ലൊക്കേഷൻ എന്നിവയുടെ വിശദാംശങ്ങളും ഫോട്ടോകളും സഹിതമാണു പരാതി അറിയിക്കേണ്ടത്. ജില്ലാതലത്തിൽ ഒരു നമ്പറിലേക്കാണു ഫോട്ടോകൾ അയയ്ക്കേണ്ടതെങ്കിലും ഏതു തദ്ദേശ സ്ഥാപനത്തിനു കീഴിലെ സ്ഥലത്തുനിന്നാണോ ഈ ചിത്രം വന്നത് ആ സ്ഥാപനത്തിലും ഈ ചിത്രം ലഭ്യമാകും. തുടർന്ന് അവർക്ക് ഇതിൽ നടപടി സ്വീകരിക്കാം.
സെപ്റ്റംബർ 18നാണ് ഈ സംവിധാനം ജില്ലയിൽ ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബർ 29 മുതൽ വാട്സാപ്പിൽ പരാതി സ്വീകരിച്ചു തുടങ്ങി. ജില്ലയിൽ 9 ദിവസം കൊണ്ട് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത് 64 പേരാണ്. അതിൽ 36 എണ്ണം സ്വീകരിച്ചു, അടിസ്ഥാനരഹിതമെന്ന് വ്യക്തമായ 18 എണ്ണം തള്ളി, 10 പരാതികൾ പരിശോധിച്ചുവരികയാണ്. സ്വീകരിച്ച പരാതികളിലൊന്നിൽ കേസെടുത്ത് പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു.
പരാതികളിൽ സ്വീകരിക്കുന്ന നടപടി
1. ശരിയാണെന്നു ബോധ്യപ്പെട്ടാൽ പരാതി സ്വീകരിക്കും
2. പരാതിക്ക് അടിസ്ഥാനമായ കാര്യമോ അയച്ച വ്യക്തിയെയോ കണ്ടെത്താനായില്ലെങ്കിൽ തള്ളാം.
3 പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ മാലിന്യം നീക്കി ശുചീകരിച്ചതിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യും.
ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടി
∙ ചുമത്തിയ പിഴ: 60,000 രൂപ
∙ ഈടാക്കിയ പിഴ: 55,000 രൂപ
∙ പരാതിക്കാർക്കു പ്രഖ്യാപിച്ച പാരിതോഷികം– 5,750 രൂപ
∙ വിതരണം ചെയ്ത പാരിതോഷികം – 4,500 രൂപ