കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല; കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു


കൂരാച്ചുണ്ട് : കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല. കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു. കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ്‌ നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തത് സംബന്ധിച്ചും നിരവധി തവണ വാർത്തകൾ വന്നിരുന്നു. ഇതേ തുടർന്നാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നത്.

ജില്ലാപഞ്ചായത്ത് കക്കയം ഡാം സൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷംരൂപ ചെലവഴിച്ചാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.