‘സഖാവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകി, വർഗീയത ആപത്ഘട്ടത്തിൽ നിൽക്കുന്ന സമയത്തെ അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം’; കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: സമരമുഖത്ത് പതറാതെ അടിയുറച്ചു നിന്ന നേതാവിനെയാണ് കോടിയേരിയുടെ മരണത്തോടെ പാർട്ടിക്ക് നഷ്ടമായതെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ. അസുഖ ബാധിതനായി ചെന്നെെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും രോഗമുക്തനായി ഊർജ്ജലനായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷയിലായിരുന്നു ഞാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരെല്ലാം. എന്നാൽ ഇനി തങ്ങൾക്കിടയിലേക്ക് സഖാവ് തിരിച്ച് വരില്ലെന്നത് ഏറേ വേദനയോടെയാണ് കേട്ടത്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ മാറ്റമുണ്ടാകുന്ന കാര്യത്തിൽ സഖാവ് ശ്രദ്ധേയമായ പങ്കാണ് വഹിച്ചിരുന്നത്. കേരളത്തിൽ വർഗീയത ഏറ്റവും ആപത്ത് ഘട്ടത്തിൽ നിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടമാണ്.
ഇക്കാലയളവിലുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒട്ടനവധി പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി കൊടിയ മർദ്ദനങ്ങൾക്കും അദ്ദേഹം ഇരയായി. അടിയന്തരാവസ്ഥ കാലത്ത് കരുതൽ തടങ്കിലും അദ്ദേഹത്തിന് കഴിയേണ്ടി വന്നിരുന്നു. ഇതേസമയം ഞാനുൾപ്പെടെ നിരവധി സഖാക്കൾ കക്കയത്തും തടവിലായിരുന്നു.
ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ പോലീസ് സേനയ്ക്ക് ജനകീയ മുഖം രൂപപ്പെടുത്തി എടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താനും ഇടതുപക്ഷ മുന്നണിയെ കൂടുതൽ കരുത്തുറ്റതാക്കാനും ഒന്നാം പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കും സഖാവ് കോടിയേരി സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചു കൊണ്ടുതന്നെ ഈ രാഷ്ട്രീയ മാറ്റങ്ങളിലെല്ലാം ഇടപെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ടി.പി രാമകൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
[mid5]
Summary: T P Rmamkrishnan mla remembering Kodiyeri balakrishnan