യാത്ര സു​ഗമമാകും; കുറ്റ്യാടി വലകെട്ട് കൈപ്രംകടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം


കുറ്റ്യാടി: കുറ്റ്യാടി -വേളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കുറ്റ്യാടി വലകെട്ട് കൈപ്രംകടവ് റോഡിൻ്റെ 16 കോടി രൂപയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ വടകര റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആകെ 9.8 കിലോമീറ്റർ ആണ് റോഡിൻറെ നീളം. ഇതിൽ 3.5 കിലോമീറ്റർ ഭാഗത്ത് ബി.എം. പ്രവർത്തി നടന്നു കഴിഞ്ഞു. ലഭ്യമായ ഫണ്ടിനനുസരിച്ച് വിവിധ ഭാഗങ്ങളിലായി കൺവെർട്ടുകളുടെയും ഡ്രെയിനേജിന്റെയും നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 10 ആം തീയതിയോടെ വേളം ഗ്രാമപഞ്ചായത്തിലെ 5.5 കിലോമീറ്റർ ഭാഗം ബിഎംബിസി നിലവാരത്തിൽ എത്തിക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്. ഈ പ്രവൃത്തി പൂർത്തിയാക്കിയതിനു ശേഷം തുടർന്നുള്ള ഭാഗങ്ങളിലെ പ്രവർത്തി ആരംഭിക്കാൻ നടപടികൾ സ്വീകരിക്കും. റോഡ് വികസനത്തിനായി ഭൂരിഭാഗം ഭൂവുടമകളും വലിയ പിന്തുണയാണ് നൽകുന്നത്.

യോഗത്തിൽ യുഎൽസിസിസ് എൻജിനീയർ ശ്രീ അമൽ, പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ശ്രീ ജാഫർ.എൻ,വേളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ കുമാരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.