ഇനി മത്സരങ്ങളെല്ലാം വേറെ ലെവലാകും; മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിലെ സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ (വീഡിയോ കാണാം)


മേപ്പയ്യൂർ: കായിക മത്സരങ്ങൾക്കും പരിശീലനത്തിനായി മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മേപ്പയ്യൂർ ​ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. സംസ്ഥാനസർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക്ക് ട്രാക്ക് ഒരുക്കുന്നത്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവഴിച്ചാണ് സ്കൂളിൽ സ്പോർട്സ് ഫെസിലിറ്റി സെന്റർ ഒരുക്കുന്നത്. 100 മീറ്ററിന്റെയും 200 മീറ്ററിന്റെയും സിന്തറ്റിക് ട്രാക്ക്, ക്രിക്കറ്റ്, ഹോക്കി, ഫുട്ബോൾ മൾട്ടി പർപ്പസ് ഗ്രൗണ്ട്, വോളിബോൾ, ബാഡ്മിമിന്റൺ, ബാസ്കറ്റ് ബോൾ, സിന്തറ്റിക് കോർട്ട്, മൾട്ടി ജിം, ടേബിൾ ടെന്നീസ് ഹാൾ, ചെസ് ഹാൾ, ഗാലറി, പ്ലേ പാർക്ക്, സ്പോർട്സ് ഹോസ്റ്റൽ, സാൻഡ് കോർട്ട് എന്നിവ ഉൾപ്പെട്ടതാണിത്. ഇ പി ജയരാജൻ സ്പോർട്സ് വകുപ്പ് മന്ത്രിയായിരിക്കെയാണ് സ്കൂളിന് സ്പോർട്സ് ഫെസിലിറ്റി സെന്റർ അനുവദിച്ചത്.

അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെ നാലായിരത്തിലധികം വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. മേപ്പയ്യൂരിന് പുറമേ സമീപത്തെ ഏഴുപഞ്ചായത്തുകളിൽനിന്നുള്ള വിദ്യാർത്ഥികളാണ് മേപ്പയ്യൂരിലുള്ളത്.

നിലവിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു. അക്കാദമിക വിഷയങ്ങൾക്കൊപ്പം കായിക മേഖലയിലും മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ. സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെയുള്ള സ്പോർട്സ് ഫെസിലിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പരിശീലകർ.

Summary: Synthetic track work in progress at meppayur gvhss