‘കൈകളിലെയും കാലുകളിലയും വേദന നിസാരമായി കാണല്ലേ, കൊളസ്ട്രോളാകാം കാരണം’; പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്നറിയാം
നിശ്ശബ്ദ കൊലയാളി എന്നാണ് ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ പലപ്പോഴും അറിയപ്പെടുന്നത്. കൊളസ്ട്രോള്‍ തോത് ഉയരുന്ന കാര്യം പലപ്പോഴും നാം അറിയണമെന്നില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഒക്കെയുണ്ടാകുമ്പോഴായിരിക്കും കൊളസ്ട്രോളിനെ കുറിച്ച് പലരും തിരിച്ചറിയുന്നതുതന്നെ. എന്നാല്‍ കൊളസ്ട്രോളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് തിരിച്ചറിയാന്‍ പാകത്തിലുള്ള ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ അവശേഷിപ്പിക്കാറുണ്ട്.
കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനയാണ് പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്‍റെ സുവ്യക്തമായ ലക്ഷണങ്ങള്‍. കൊളസ്ട്രോള്‍ രക്തധമനികളില്‍ കെട്ടിക്കിടന്ന് കൈ, കാലുകളിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുമ്പോഴാണ് ഈ വേദനയുണ്ടാകുന്നത്. കൈകള്‍ ഉപയോഗിച്ച് എഴുതുമ്പോഴോ തയ്ക്കുമ്പോഴോ എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ ഒക്കെ ഈ വേദന പെട്ടെന്ന് ഉണ്ടാകാം. കൈകള്‍ അനക്കുമ്പോൾ ഉണ്ടാകുന്ന ഈ വേദന അവയ്ക്ക് വിശ്രമം നല്‍കുമ്പോൾ ഏതാനും മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമാകും.
കാലുകളിലും സമാനമായ വേദന പെരിഫെറല്‍ ആര്‍ട്ടറി രോഗം ഉണ്ടാക്കും. ഇരുകാലുകളിലും ഒരേ സമയം വേദന ഉണ്ടാകുമെങ്കിലും ഒരു കാലില്‍ അല്‍പം അധികമായിരിക്കും ഇത്. കാലുകളില്‍ മരവിപ്പ്, ഇടുപ്പുകളില്‍ വേദന, കൈകാലുകള്‍ ദുര്‍ബലമാകുകയും പള്‍സ് ഇല്ലാതിരിക്കുകയും ചെയ്യുക, കാലുകളിലെ രോമം കൊഴിയുക, നഖങ്ങള്‍ പതിയെ വളരുക, കാലുകളില്‍ ഉണ്ടാകുന്ന വൃണങ്ങള്‍ കരിയാതിരിക്കുക, കാലുകളിലെ ചര്‍മത്തിന്‍റെ നിറം മങ്ങുകയോ നീലനിറമാകുകയോ ചെയ്യുക എന്നിവയെല്ലാം പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. പുരുഷന്മാരില്‍ ലൈംഗിക ഉദ്ധാരണശേഷിക്കുറവും ഇത് മൂലം ഉണ്ടാകാം.
ഇത്തരം വേദനകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധനയിലൂടെ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് അറിയേണ്ടതാണ്. കൊളസ്ട്രോള്‍ ഉള്ളവര്‍ ആരോഗ്യകരമായ, എണ്ണ കുറഞ്ഞ ഭക്ഷണം കഴിക്കാനും, നിത്യവും വ്യായാമം ചെയ്യാനും, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കാനും അമിതഭാരം കുറയ്ക്കാനും, പഞ്ചസാര അടങ്ങിയ സംസ്കരിച്ച ഭക്ഷണത്തില്‍ നിന്ന് അകന്നു നില്‍ക്കാനും ശ്രദ്ധിക്കേണ്ടതാണ്.
Content Summary: symptoms of High cholesterol