സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അന്തരിച്ചു; സംസ്കാരം നാളെ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അന്തരിച്ചു. എൺപത്തിരണ്ട്‍ വയസായിരുന്നു. സംസ്കാരം നാളെ കൊയിലാണ്ടിയിൽ നടക്കും.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒൻപത് മണിക്ക് മർകസിൽ നിന്ന് ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോയി.

നാളെ രാവിലെ 9 മണിക്ക് നിന്ന് കൊയിലാണ്ടിയിലേക്ക് ജനാസ കൊണ്ട് പോകും. 11 മണി മുതൽ കൊയിലാണ്ടിയിൽ ജനാസ നിസ്കാരം ഉണ്ടാകും എന്നാണ് അറിയിച്ചത്. ഉച്ചക്ക് രണ്ട മണിയോടെ കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം ചെയ്യും.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനാണ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി. മുപ്പത് വർഷത്തോളം മലേഷ്യയിൽ സേവനമനുഷ്ടിച്ച തങ്ങൾ അനേകർക്ക് അഭയകേന്ദ്രമായിരുന്നു. മലയാളികൾക്ക് മാത്രമല്ല, തദ്ദേശീയർക്കും തന്റെ സഹായ ഹസ്തം നീട്ടാൻ തങ്ങൾ മടിച്ചില്ല.

തൊണ്ണൂറോളം രാജ്യങ്ങളാണ് തങ്ങൾ സന്ദർശിച്ചത്. മലേഷ്യൻ മുൻ പ്രധാന മന്ത്രി മഹാദിർ മുഹമ്മദടക്കം പല ഉന്നതരുമായി ഇദ്ദേഹം നേരിട്ട് ബന്ധം പുലർത്തിയിരുന്നു.

മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്‌മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി.

Summary: syed zainul abidin bafaqi passed away