വടകരയിലെ കുട്ടികള്‍ ഇനി വെള്ളത്തെ പേടിക്കില്ല; ഇല്ലത്ത്താഴ കുളത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കം


വടകര: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇല്ലത്ത്താഴ കുളത്തില്‍ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചു. രാവിലെയും വൈകിട്ടുമാണ് പരിശീലനം. ‘കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയിലെ സ്‌കൂളിലെ 527 കുട്ടികളെ ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം.

കഴിഞ്ഞ വര്‍ഷമാണ് കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലന പദ്ധതി നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. മുമ്പ് അമ്പലക്കുളങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്വിമ്മിങ് പൂളുകളുമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് നഗരസഭ 30 ലക്ഷം രൂപ ചിലവില്‍ ഇല്ലത്ത്താഴ കുളം നവീകരിച്ചത്. ഭാവിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ നഗരസഭ പദ്ധതിയിടുന്നുണ്ട്.

പി.കെ വിജയന്‍, പി.കെ അര്‍ജുന്‍, ടി.എം സജീര്‍ എന്നിവരാണ് പരിശീലകര്‍. പരിശീലന പരിപാടി മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു. കെ.നളിനാക്ഷൻ അധ്യക്ഷത വഹിച്ചു.

Description: Swimming training has started in Illathathazhe pool