എലത്തൂര്‍ ചേവരമ്പലം ബൈപ്പാസ് ജങ്ഷനില്‍ അപകടത്തില്‍പ്പെട്ട് മരിച്ച സ്വിഗ്ഗി തൊഴിലാളിയെ തിരിച്ചറിഞ്ഞു; മൃതദേഹം എലത്തൂര്‍ സ്വദേശിയുടേത്


എലത്തൂര്‍: ചേവരമ്പലം ബൈപ്പാസ് ജങ്ഷനില്‍ അപകടത്തില്‍പ്പെട്ട് മരിച്ച സ്വിഗ്ഗി തൊഴിലാളിയെ തിരിച്ചറിഞ്ഞു. എലത്തൂര്‍ സ്വദേശി എം.രഞ്ജിത്താണ് മരിച്ചത്. ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ കാനയിലേക്ക് മറിഞ്ഞായിരുന്നു അപകടം. രാത്രി ഒന്നരയോടെയായിരുന്നു അപകടം. സ്വിഗ്ഗി തൊഴിലാളിയായതുകൊണ്ടുതന്നെ രഞ്ജിത്ത് ജി.പി.എസ് ട്രാക്കര്‍ ഓണാക്കിയായിരുന്നു യാത്ര ചെയ്തിരുന്നത്. ഇതിലൂടെയാണ് രാത്രി ഒന്നരയോടെയാണ് അപകടം സംഭവിച്ചതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

രാവിലെ ഏഴ് മണിയോടെയാണ് വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടത്. മലപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപം റോഡരികിലെ ചാലിലായിരുന്നു മൃതദേഹം. ഇയാളുടെ ബാഗില്‍ നിന്നും രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയത് ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഒരുകാര്‍ഡ് ഉമ്മത്തൂര്‍ സ്വദേശി മിഥുന്റേതായിരുന്നു. മിഥുനും സ്വിഗ്ഗി ജീവനക്കാരനാണ്. മിഥുന്റെ പേഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും ഒരുമാസം മുമ്പ് നഷ്ടപ്പെട്ടതായിരുന്നു. രണ്ടാമത്തെ തിരിച്ചറിയല്‍ കാര്‍ഡ് ശ്രീജിത്തിന്റേത് തന്നെയായിരുന്നു.

ശ്രീജിത്ത് വീണ കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുന്‍പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Description: Swiggy worker who died in accident identified