കഠിന പരിശ്രമത്തിനൊടുവിൽ വിജയിച്ചു കയറിയത് 320ാം റാങ്കിലേക്ക്; അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കെെവരിച്ച ആവള സ്വദേശി സ്വാതി ചോലയ്ക്ക് നാടിന്റെ സ്നേഹാദരം


ചെറുവണ്ണൂർ: അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ അഭിമാന നേട്ടം കെെവരിച്ച ആവള സ്വദേശി സ്വാതി ചോലയെ ആദരിച്ചു. നീറ്റ് പരീക്ഷയില്‍ 320ാം റാങ്ക് നേടിയാണ് സ്വാതി നാടിന് അഭിമാനമായത്. ജനകീയ കൂട്ടായ്മ ഒരുക്കിയ അനുമോദന സദസ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വരും തലമുറയ്ക്ക് പ്രചോദനമാണ് സ്വാതി ചോലയുടെ നേട്ടമെന്ന് മന്ത്രി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയിൽ പഠിച്ച് നീറ്റ് പരിക്ഷയിൽ മികച്ച വിജയം കൈവരിച്ച സ്വാതിയുടെ നേട്ടം എടുത്ത് പറയേണ്ടതാണ്. അർപ്പണബോധവും കഠിനാധ്വാനവുമാണ് സ്വാതിയുടെ വിജയത്തിന് പിന്നിൽ. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക മേഖലകളിലെയും സജീവ സാന്നിധ്യമായ സ്വാതിക്ക് ഇനിയും ഉയരങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്ക്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അണി നിരന്ന ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. മഠത്തിൽമുക്കിൽ നടന്ന ചടങ്ങിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പവിത അധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. സ്വാതി ചോലയ്ക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.

ജില്ലാപഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ. അജിത, പഞ്ചായത്തംഗങ്ങളായ ആദില നിബ്രാസ്, എം.എം.രഘുനാഥ്, പി.മോനിഷ, സ്വാഗതസംഘം ചെയർപേഴ്സൺ കെ.എം.ബിജിഷ, ആവള കുട്ടോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ബാബു പയ്യത്ത്, ഗവ.എം.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ.ബിജുന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ഇബ്രാഹിം കൊയിലോത്ത് സ്വാഗതവും സി.കെ.ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

Summary: Swati Chola from Avala, who scored top marks in the All India NEET exam was honored by people