ഭരണസമിതിയും ജീവനക്കാരും ഒരുമിച്ചിറങ്ങി; നേടിയെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി, അവാര്‍ഡ് നേട്ടത്തില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത്‌


മണിയൂര്‍: വികസനകുതിപ്പില്‍ അവാര്‍ഡ് നേട്ടവുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ 2023-24 വര്‍ഷത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരമാണ് മണിയൂരിനെ തേടിയെത്തിയത്. ജില്ലയില്‍ ഒന്നാം സ്ഥാനമാണ് മണിയൂര്‍ സ്വന്തമാക്കിയത്‌. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. അഭിമാനനേട്ടത്തിന്റെ സന്തോഷത്തിലാണ് പഞ്ചായത്തും ജനങ്ങളും.

വിദ്യാഭ്യാസ പദ്ധതിയായ ഉയരെ, ആരോഗ്യ കായികവിദ്യാഭ്യാസ രംഗത്തെ ഇടപെടലായ റയിസിങ് മണിയൂര്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. അടുത്തിടെ ആരംഭിച്ച ഊട്ടുപുര പദ്ധതിക്കും മികച്ച അഭിപ്രായമാണ്. ഓഫീസ് ആവശ്യത്തിന് എത്തുന്നവര്‍ക്ക് ചായയും ആവശ്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണവും നല്‍കുന്ന പരിപാടിയാണ് ഊട്ടുപുര.

ചെരണ്ടത്തൂര്‍ ചിറയിലെ ഫാം ടൂറിസം, ചൊവ്വാപ്പുഴ വിനോദ സഞ്ചാരകേന്ദ്രം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം, പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും എന്നിവയും പുരസ്‌കാരനേട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. മാത്രമല്ല തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 100 ദിനം തൊഴില്‍ ഉറപ്പാക്കി ജില്ലയില്‍ ഒന്നാം സ്ഥാനത്തും മണിയൂര്‍ ആണ്. സംസ്ഥാനത്ത് ഏഴാം സ്ഥാനവും പഞ്ചായത്തിനാണ്.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം മികച്ച പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീയും ഒപ്പത്തിനൊപ്പമുണ്ട്. ആകെ 468 അയല്‍ക്കൂട്ടങ്ങളാണ് പഞ്ചായത്തിലുള്ളത്. അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന മണിയൂരില്‍ വഴിയോര വിശ്രമകേന്ദ്രവും വാനനിരീക്ഷണകേന്ദ്രവും പ്രവര്‍ത്തനസജ്ജമാണ്. ശുചിമുറി, കഫ്റ്റീരിയ, ഒന്നാം നിലയില്‍ ശീതികരിച്ച മിനി തിയേറ്റര്‍, അതിഥി മന്ദിരം എന്നിവയാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മുകളിലായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച വാനനിരീക്ഷണ കേന്ദ്രവും ഉണ്ട്.

ഭരണസമിതിയും ജീവനക്കാരും ഒറ്റക്കെട്ടായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സ്വരാജ് ട്രോഫിയെന്നും, അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും മണിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അവാര്‍ഡ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമാണ്. ഇനിയും ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Description; Swaraj Trophy for State Government Local Bodies to Maniyur