പേരാമ്പ്ര പഞ്ചായത്തിലെത്തുന്നവര്‍ക്ക് ഇനി സേവനങ്ങള്‍ കൂടുതല്‍ സൗകര്യത്തോടെ; അനുബന്ധ കെട്ടിടം സ്വരാജ്ഭവന്‍ നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ അനുബന്ധമായുള്ള സ്വരാജ്ഭവന്‍ കെട്ടിടം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. മുന്‍ എം.എന്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളിലായി നവീന മാതൃകയിലാണ് കെട്ടിടം പണി കഴിപ്പിച്ചത്.
താഴത്തെ നിലയില്‍ റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ്, സി.ഡി.എസ് ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് റൂം, ലൈബ്രറി എന്നിവയും ഒന്നാം നിലയില്‍ എല്‍.എസ്.ജി.ഡി എഞ്ചിനിയറിംഗ് വിഭാഗം ഓഫീസ്, വി.ഇ.ഒ, തൊഴിലുറപ്പ്, ഐ.സി.ഡി.എസ് ഓഫീസുകളും മുകളിലത്തെ നിലയില്‍ മീറ്റിംഗ് ഹാളുമാണ്. സ്വരാജ് ഭവന്‍ യാഥാര്‍ത്ഥ്യമായതോടെ പഞ്ചായത്തിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.

ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശശികുമാര്‍ പേരാമ്പ്ര, കെ പ്രിയേഷ്, ശ്രീലജ പുതിയേടത്ത്, മിനി പൊന്‍പറ, ബോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിജി എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന സ്വാഗതവും സെക്രട്ടറി എല്‍.എന്‍ ഷിജു നന്ദിയും പറഞ്ഞു.