ഉള്ള്യേരിയിൽ സ്ഥലം ഡിജിറ്റൽ സർവേ ചെയ്യുന്നതിന് കെെക്കൂലി വാങ്ങിയ കേസ്: രണ്ട് സർവേയർമാർക്കും സസ്പെൻഷൻ
ഉള്ള്യേരി: ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാർക്ക് സസ്പെൻഷൻ. ഉള്ളിയേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഫസ്റ്റ് ഗ്രേഡ് സർവേയർ നരിക്കുനി സ്വദേശി എൻ.കെ മുഹമ്മദ്, സെക്കൻഡ് ഗ്രേഡ് സർവേയർ നായർകുഴി പുല്ലുംപുതുവയൽ എം ബിജേഷ് എന്നിവരെയാണ് വിജിലൻസ് സസ്പൻഡ് ചെയ്തത്.
നാറാത്ത് സ്വദേശിയുടെ അനുജന്റെ പേരിലുള്ള അഞ്ച് ഏക്കർ 45 സെന്റ് സ്ഥലം ഡിജിറ്റൽ സർവേ ചെയ്തപ്പോൾ അളവിൽ കുറവ് വന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി വീണ്ടും ഡിജിറ്റൽ സർവേ നടത്തുന്നതിന് 25000 രൂപയാണ് കൈക്കൂലിയായി പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുഹമ്മദിനെ പിടികൂടിയത്. പിന്നീടാണ് എം.ബിജേഷിനെ അറസ്റ്റ് ചെയ്തത്.
ജനുവരി 13-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.