പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണം; പേരാമ്പ്രയിലെ ബിജെപി പ്രാദേശിക നേതാക്കൾക്ക് സസ്പെൻഷൻ


­

 

പേരാമ്പ്ര: പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തിൽ പേരാമ്പ്രയിലെ ബിജെപി പ്രാദേശിക നേതാക്കൾക്ക് സസ്പെൻഷൻ. ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയുമാണ് ആരോപണത്തെ തുടർന്ന് സസ്പെന്റ് ചെയ്തത്. പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ അഞ്ച് പ്രവർത്തകരെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.

കല്ലോടിനടുത്ത് നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പബിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുവാനായി ബിജെപി മുൻ നേതാവും പെട്രോൾ പമ്പുടമയുമായ പ്രജീഷ് പാലേരിയിൽ നിന്നും പ്രാദേശിക ബിജെപി നേതാക്കൾ ഒരുലക്ഷത്തി പതിനായിരം രൂപ കോഴയായി വാങ്ങി എന്നായിരുന്നു ആരോപണം.

കേന്ദ്ര നേതാക്കൾക്കും സംസ്ഥാന പ്രസിഡന്റിനും ഇതുസംബന്ധിച്ച് പ്രജീഷ് പരാതി നൽകിയിരുന്നു. മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, ജനറൽ സെക്രട്ടറി രാഘവൻ, വൈസ് പ്രസിഡൻര് ശ്രീജിത് എന്നിവർക്കെതിരെയാണ് പ്രജീഷ് പരാതി നൽകിയത്. തുടർന്ന് തന്റെ കയ്യിൽ നിന്നും നേതാക്കൾ പണം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പ്രജീഷ് പുറത്ത് വിട്ടിരുന്നു.

പേരാമ്പ്രയിൽ ചേർന്ന ബൂത്ത് ഭാരവാഹികളുടെ യോഗത്തിലും ഇക്കാര്യത്തെച്ചൊല്ലി കയ്യാങ്കളിയുണ്ടായി. തുടർന്ന് പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കോർ കമ്മറ്റി യോഗം തീരുമാനിക്കുകയായിരുന്നു.