സസ്‌പെന്‍ഷനിലായ സി.ഐയ്ക്ക് പകരക്കാരനായെത്തിയത് മുമ്പ് വടകര സി.ഐ ആയിരിക്കെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍: ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റത്തോടെ വടകര സ്റ്റേഷന്‍ പ്രവര്‍ത്തനം താളംതെറ്റി; കല്ലേരി സ്വദേശിയെ കസ്റ്റഡിയിലെടുത്തദിവസം ഡ്യൂട്ടിയിലില്ലാത്തവരെപ്പോലും സ്ഥലംമാറ്റിയതില്‍ പോലീസുകാർക്കിടയിൽ അമർഷം


വടകര: വടകരയില്‍ പോലീസ് കസ്റ്റഡിയിലിലെടുത്ത് വിട്ടയച്ച യുവാവ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം താളം തെറ്റി. അന്നേദിവസം ഡ്യൂട്ടിയില്‍ ഇല്ലാത്തവരെയടക്കം സസ്‌പെന്റ് ചെയ്ത നടപടി ജീവനക്കാര്‍ക്കിടയില്‍ തന്നെ വലിയ അമര്‍ഷത്തിന് വഴിവെച്ചിട്ടുണ്ട്.

അതിനിടെ, നേരത്തെ കസ്റ്റഡി മര്‍ദ്ദനം അടക്കമുള്ള കേസുകളുടെ പേരില്‍ വടകരയില്‍ കുപ്രസിദ്ധനായ സി.ഐ പി.എം മനോജിനെ വീണ്ടും സി.ഐയായി നിയമിച്ചതും വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. നിലവില്‍ വിജിലന്‍സ് സി.ഐയായ പി.എം.മനോജിനെയാണ് പുതുതായി വടകരയില്‍ നിയമിച്ചിരിക്കുന്നത്. വടകരയില്‍ നേരത്തെ സി.ഐ ആയും എസ്.ഐ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സ്റ്റേഷനില്‍ വെച്ച് മുടപ്പിലാവില്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടവുശിക്ഷ വിധിയ്ക്കുകയും ചെയ്തിരുന്നു. കസ്റ്റഡി മര്‍ദ്ദനമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് പകരം നേരത്തെ ഇത്തരമൊരു കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ നിയമിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

കോഴിക്കോട് റൂറല്‍ സ്റ്റേഷന്‍ പരിധിയില്‍ കാപ്പാട് ടുറിസം പോലീസ്, വടകര കോസ്റ്റല്‍ പോലീസ്റ്റേഷന്‍ അടക്കം 23 പോലീസ്റ്റേഷനുകളാണുള്ളത്. ഇവിടെ നിന്നുമൊക്കെയാണ് വടകരയിലെക്ക് പോലീസുകാരെ നിയമിക്കുന്നത്. ഇത് തന്നെ പോലീസുകാരില്‍ മാനസികമായ പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. യാതൊരു തെറ്റും ചെയ്യാത്ത 23 പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെയൊണ് വടകരയിലെക്ക് മാറ്റുന്നതാണ് ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയ്ക്ക് വഴിവെച്ചിരിക്കുന്നത്.

കല്ലേരി സ്വദേശി സജീവന്റെ മരണത്തെ തുടര്‍ന്ന് തുടര്‍ന്ന് സസ്‌പെപെന്റെ ചെയ്യപ്പെട്ട നാല് പോലീസുദ്യോഗസ്ഥര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നാണ് അറിയുന്നത്. ഇത് ഭയന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇവര്‍ ഹാജരാകാത്തതെന്നാണ് അറിയുന്നത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കോഴിക്കോട് ഡി.വൈ.എസ്.പി.സജീവനാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. വാഹനം തട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് സജീവനെ കസ്റ്റഡിയിലെടുത്തിരുന്നത്. സ്റ്റേഷന്‍ വളപ്പില്‍ തന്നെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.