”അതാ…പുലിക്കുട്ടി, പുലിക്കുട്ടി”; ചങ്ങരോത്ത് മുതുവണ്ണാച്ചയിൽ പുലിയിറങ്ങിയെന്ന് സംശയം
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ പുലിയിറങ്ങിയതായി സംശയം. പതിനഞ്ചാം വാര്‍ഡായ മുതുവണ്ണാച്ചയിലാണ് ഇന്നലെ വൈകിട്ട് 6.30ഓടെ പുലിയോട് സൗദൃശ്യമുള്ള ജീവിയെ കണ്ടത്. പ്രദേശവാസിയായ സഫീദയുടെ വീടിന് സമീപത്തെ നെല്ലിയോട്ടുകണ്ടിതാഴ വയലിലാണ് ജീവിയെ ആദ്യം കണ്ടത്. അവിടെയുണ്ടായിരുന്ന കുട്ടികള്‍ ഉടന്‍ തന്നെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനിടെ കുട്ടികള്‍ ബഹളം വെച്ചതോടെ ജീവി സമീപത്തുള്ള കാട്ടിലേക്ക് കയറി പോയി.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വാര്‍ഡ് മെമ്പര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരം അറിയിച്ചു. ഇവര്‍ സംഭവസ്ഥലത്തേക്ക് എത്തുന്നതിന് മുമ്പ് വീണ്ടും പ്രദേശത്ത് ഈ ജീവിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാത്രി 8.30ഓടെ തെക്കയില്‍ ബാലന്‍ എന്നയാളുടെ വീടിന് പുറക് വശത്താണ് ജീവിയെ കണ്ടത്.
ബാലന്റെ ചേമ്പ് കൃഷിയിടത്തില്‍ നിന്നും ശബ്ദം കേട്ട് ആളുകള്‍ അവിടെ പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ ആളുകളുടെ ബഹളം കേട്ടതോടെ ജീവി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ടിടത്തും കണ്ടത് പുലി തന്നയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രി 9മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സഫീദയുടെ വീടിന് സമീപത്താണ് ആദ്യം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കാട്ടുപൂച്ചയാണ് പ്രദേശത്ത് എത്തിയത് എന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെന്ന് വാര്‍ഡ് മെമ്പര്‍ ഇസ്മയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
Description: Suspected that a tiger has landed in Changaroth Muthuvannacha