പേരാമ്പ്രയിലെ മലയോര മേഖലയ്ക്ക് ആശ്വാസ വാർത്ത, ബഫർസോൺ സമ്പൂർണ്ണ നിയന്ത്രണം നീക്കി സുപ്രീകോടതി
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചന്റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ചക്കിട്ടപ്പാറയുള്‍പ്പെടെയുള്ള പേരാമ്പ്രയിലെ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വാർത്ത ആശ്വാസമായി.
ബഫര്‍ സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി എങ്കിലും ഖനനം ഉള്‍പ്പടെ ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. രാജസ്ഥാനിലെ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി 2022 ജൂണ്‍ മൂന്നിന് പുറപ്പടുവിച്ചത്. ഈ ഉത്തരവാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതി ഭേദഗതി ചെയ്തത്.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് കൂടി ഇളവ് അനുവദിച്ചു. ഇതിന് പുറമെ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിച്ചേക്കും.