പ്രതിഷേധമുയര്‍ന്നിട്ടും കുറയാതെ അന്ധവിശ്വാസം; മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മരിച്ച നൂര്‍ജഹാന് പിന്നാലെ നാദാപുരത്ത് ഇരയായി മറ്റൊരു പെണ്‍കുട്ടി കൂടി



നാദാപുരം: രോഗം കൃത്യസമയത്ത് ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സയുടെ പിന്നാലെ പോയി രോഗിയെ അപകടത്തിലാക്കുന്ന സാഹചര്യം നാദാപുരത്ത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ നൂര്‍ജഹാന്‍ എന്ന യുവതി മന്ത്രവാദ ചികിത്സയുടെ ഇരയായി മരണപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇതേ ഇടത്ത് ആവര്‍ത്തിക്കുകയാണ്. നാദാപുരം സ്വദേശിയായ പതിനേഴുകാരിയാണ് ഏറ്റവും ഒടുവിലായി അന്ധവിശ്വാസത്തിന് ഇരയായി അപകടാവസ്ഥയിലായത്.

പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഈ പെണ്‍കുട്ടിയ്ക്ക് പണി ബാധിച്ചിട്ടും മതിയായ ചികിത്സ നല്‍കാതെ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ പോകുകയായിരുന്നു. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ പാനൂരിലെ ഒഴിഞ്ഞ വീട്ടില്‍ നിന്നും കുട്ടി പേടിച്ചിരുന്നു. ഇവിടെവെച്ച് കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞായിരുന്നു വീട്ടുകാര്‍ മന്ത്രവാദിയുടെ സഹായം തേടിയത്.

ഇതേ കോളനിയിലെ മധ്യവസ്‌കന്‍ തന്നെയാണ് കുട്ടിയെ മന്ത്രവാദം നടത്തി ചികിത്സിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടി കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതിനു മുമ്പു തന്നെ ചിലര്‍ പൊലീസില്‍ ഇക്കാര്യം അറിയിച്ചത് തുണയായി. പൊലീസ് ഇടപെട്ടാണ് കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

നാദാപുരം സ്വദേശിനിയായ നൂര്‍ജഹാനാണ് കഴിഞ്ഞ ഡിസംബറില്‍ യഥാസമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ദേഹമാസകലം വ്രണം വന്ന നൂര്‍ജഹാനെ ഭര്‍ത്താവ് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതേ കുടുംബത്തില്‍ നേരത്തെ ഒന്നരവയസുകാരിയായ മകളും ശരിയായ ചികിത്സ കിട്ടാതെ മരണപ്പെട്ടതായും ആക്ഷേപമുയര്‍ന്നിരുന്നു.

രോഗങ്ങള്‍ക്ക് നേരാംവണ്ണം ചികിത്സ കിട്ടാതെ അന്ധവിശ്വാസങ്ങള്‍ക്ക് പിറകേ പോയി ജീവന്‍ വരെ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഏറെ ചര്‍ച്ചയാവുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപകടകരമായ അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതുപോലുള്ള വിശ്വാസങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ശക്തമായ ബോധവത്കരണം ആവശ്യമാണ്.