ചെമ്മരത്തൂരിൽ വീട് നിർമാണത്തിനിടയിൽ സൺഷെയ്‌ഡ് തകർന്ന് വീണു; രണ്ട് പേർക്ക് പരിക്ക്
വടകര: ചെമ്മരത്തൂരിൽ വീട് നിർമാണത്തിനിടയിൽ സൺഷെയ്‌ഡ് തകർന്ന് വീണു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളായ നാരായൺ ദാസ്, തപൂസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ചെമ്മരത്തൂർ മേക്കോത്ത് മുക്കിലെ രാജീവന്റെ വീട് നിർമാണത്തിനിടെയാണ് അപകടം നടന്നത്. ഒന്നാം നിലയുടെ മെയിൻ വാർപ്പിന് മുന്നോടിയായി പലകയടിക്കുന്നതിനിടയിൽ സൺഷെയ്‌ഡ് വാർപ്പും ചുവരും ഇടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് സൺഷെയ്‌ഡിന് താഴെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Description: Sunshade collapsed during house construction in Chemmarathur