ഏക്കറുകളോളം വസന്തം വിരിയിച്ച് സൂര്യകാന്തി; ചെണ്ടുമല്ലിയും മറ്റ് പൂക്കളുമെല്ലാം റെഡിയാണ്: ഗുണ്ടല്‍പ്പേട്ടിലേക്ക് പോകാന്‍ ഇതാണ് പറ്റിയ സമയം
വയനാടിന്റെ അതിര്‍ത്തിക്കപ്പുറം സൂര്യകാന്തി പൂത്തുകിടക്കുകയാണ്. ഒപ്പം മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനുള്ള പൂക്കളും ഒരുങ്ങിക്കഴിഞ്ഞു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പൂപ്പാടങ്ങളിലേക്ക് അതിര്‍ത്തികള്‍ കടന്ന് സഞ്ചാരികളുടെ ഒഴുക്കാണ്.
ഉഴുതു മറിച്ച് വിത്തുപാകിയ പാടങ്ങള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുകയാണ്്. നൂറുകണക്കിന് എക്കറില്‍ നിറങ്ങളുടെ വസന്തം വിരിയിച്ച് സൂര്യകാന്തി പൂക്കള്‍. ഗുണ്ടല്‍പേട്ടിലെ പൂകര്‍ഷകര്‍ക്ക് ഇത് സമൃദ്ധിയുടെ കാലം. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് ഗുണ്ടല്‍പേട്ട് ഇങ്ങനെ പൂക്കള്‍ കൊണ്ട് അഴകണിയുന്നത്.
കൃഷി ഉപജീവനമാക്കിയ കുറേയേറെ മനുഷ്യരെ കാണാം ഇവിടെ. മറുനാട്ടുകാര്‍ക്കുള്ള പച്ചക്കറിയുടെ വിളനിലമാണ് ഈ നാട്. ഒപ്പം കണ്ണെത്താദൂരത്തോളം പൂകൃഷിയും. പച്ചക്കറിയ്ക്ക് വില കിട്ടാതായതോടെ കുറേയേറെ കര്‍ഷകര്‍ പൂ കൃഷിയിലേക്ക് മാറിയിട്ടുണ്ട്.
സസ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളാണ് സൂര്യകാന്തി പൂക്കള്‍ സംഭരിക്കുന്നത്. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് വിളവെടുപ്പ് അതുകൊണ്ടു തന്നെ ഈ സൗന്ദര്യം അറിയാന്‍ അതിര്‍ത്തികള്‍ കടന്ന് ഗുണ്ടല്‍പേട്ടിലേക്ക് സഞ്ചാരികള്‍ ഓടിയെത്തുകയാണ്. ഒരേദിശയിലേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍. കാറ്റില്‍ അത് പതിയെ ആടും. ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാതെ നിങ്ങള്‍ക്ക് മടങ്ങാനാവില്ല.
ചെട്ടിപ്പൂക്കളും പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. രാവിലെയും വൈകിട്ടുമായാണ് പൂക്കളുടെ വിളവെടുപ്പ് നടക്കുക.