ക്ലാസുകളിൽ തളച്ചിടരുത്, കുട്ടികള്‍ ആഘോഷിക്കട്ടെ; വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ്


കോഴിക്കോട്: കേരളത്തില്‍ വേനലവധി ക്ലാസുകള്‍ക്ക് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് ലംഘിച്ച് ഏതെങ്കിലും സ്ഥാപനം ക്ലാസ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് അതികഠിനമായ ചൂട് കാലാവസ്ഥയാണ് കുറച്ചുനാളുകളായി ഉള്ളത്. അതിനാല്‍ നേരത്തേ തന്നെ വേനലവധി ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ തുടരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കര്‍ശനമായ മുന്നറിയിപ്പോടെ പുതിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ബാലാവകാശ കമ്മീഷനും വേനലവധി ക്ലാസുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കുട്ടികളെ നിര്‍ബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് അവരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വേനല്‍ ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് വഴിതെളിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന പുതിയ ഉത്തരവ് പുറത്തിറക്കിയത്.