സംസ്ഥാനത്ത് വേനൽ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ട്.ഇന്നലെ ആറ് ജില്ലകൾക്കാണ് പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നത്. എന്നാൽ, പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾക്കാണ് ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നത്. എന്നാൽ, ഇതിന് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴ പെയ്തിരുന്നു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 13/04/2025 മുതൽ 15/04/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 12/04/2025 രാത്രി 11.30 വരെയും ആലപ്പുഴ തീരത്ത് 13/04/2025 ഉച്ചയ്‌ക്ക് 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.