വേനൽ കടുത്തു,”കിളികൾ കൂളാവട്ടെ”; പക്ഷികൾക്ക് ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ


പേരാമ്പ്ര: വേനൽ കടുത്തതോടെ കിളികൾക്കും ഇതര ജീവികൾക്കും ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ. “കിളികളും കൂളാവട്ടെ ” എന്ന കാമ്പയിനിൻ്റെ ഭാഗമായാണ് ദാഹ ജലം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചത്. സ്കൂൾ മുറ്റത്തും സ്വന്തം വീടുകളിലും, പൊതു ഇടങ്ങളിലുമാണ് തണ്ണീർ കുടങ്ങൾ ഒരുക്കിയത്.

തോടുകളും തണ്ണീർത്തടങ്ങളും വറ്റിവരണ്ടതോടെ പക്ഷികൾക്കും മറ്റും ഈ വെള്ളം നിറച്ച പാത്രങ്ങൾ ആശ്വാസമാകും. കോവിഡ് നിമിത്തം സ്കൂളുകൾ അടച്ച കാലം മുതൽ സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ പക്ഷികൾക്കായ് ദാഹജലം ഒരുക്കുന്നുണ്ട്. വെള്ളം തീരുന്നതിനനുസരിച്ച് ഇടക്കിടക്കെത്തി വീണ്ടും ഒഴിച്ച് വെയ്ക്കും.

സ്കൂളിലെ പ്രധാനദ്ധ്യാപകൻ വി അനിൽ , കമ്മ്യുണിറ്റി പോലീസ് ഓഫീസർമാരായ കെ പി മുരളികൃഷ്ണദാസ്, ഷിജി ബാബു, ഡ്രിൽ ഇൻസ്ട്രക്ടമാരായ സുധീഷ് കുമാർ, ബിനില ദിനേശ് , ഓഫീസ് ജീവനക്കാരായ വി സാമ്പു, പ്രസില, ഷെജീഷ്, അക്സർ, ദീപ എന്നിവർ നേതൃത്വം നൽകി.