മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്; 120 കുട്ടികൾക്ക് പരിശീലനം നൽകും


മേപ്പയ്യൂർ: മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്പോർട്സ് ഉപകരണങ്ങൾ സ്കൂളിന് കൈമാറുന്ന ചടങ്ങും പരിപാടിയിൽ വച്ച് നടന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം എം. ബാബു അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞു. നിഷിദ് കെ, ഗോപി ദേവദാസ്, ലത്തീഫ് സുബൈർ, അരവിന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കായിക അധ്യാപകൻ സമീർ പി. നന്ദി പറഞ്ഞു.

മേപ്പയൂർ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ആദ്യ കോച്ചിംഗ് ക്യാമ്പാണിത്. മാർച്ചിൽ നടന്ന സെലക്ഷൻ ട്രയൽസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 120 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.